
ബെംഗളൂരുവിലെ വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തില്‍ മൗനം വെടിഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്ലി. അതിദാരുണമായ സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീം പ്രതികരണം അറിയിച്ചതിന് പിന്നാലെയാണ് കോഹ്ലിയും രംഗത്തെത്തിയത്.
ആര്‍സിബിയുടെ ഔദ്യോഗിക പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ റീപോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സൂപ്പര്‍ താരത്തിന്റെ പ്രതികരണം. 'പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല, ഹൃദയം ശരിക്കും തകര്‍ന്നുപോയി', കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ആരാധകര്‍ മരിച്ചുവീഴുന്നതിനിടെയും ആഘോഷങ്ങള്‍ നടത്തിയ ആര്‍സിബി മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍സിബി മൗനം വെടിഞ്ഞ് രംഗത്തെത്തിയത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെ ടീം ദുഃഖം രേഖപ്പെടുത്തുകയായിരുന്നു. സംഭവങ്ങള്‍ അത്യന്തം ദുഃഖകരമാണെന്നും അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നെന്നും ആര്‍സിബി സോഷ്യല്‍ മീഡീയയില്‍ കുറിച്ചു. ആരാധകരുടെ ജീവനും സുരക്ഷയുമാണ് ടീമിന് പ്രധാനപ്പെട്ടതെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും ആര്‍സിബി പ്രസ്താവനയിലൂടെ അറിയിച്ചു.
𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗦𝘁𝗮𝘁𝗲𝗺𝗲𝗻𝘁: 𝗥𝗼𝘆𝗮𝗹 𝗖𝗵𝗮𝗹𝗹𝗲𝗻𝗴𝗲𝗿𝘀 𝗕𝗲𝗻𝗴𝗮𝗹𝘂𝗿𝘂
— Royal Challengers Bengaluru (@RCBTweets) June 4, 2025
We are deeply anguished by the unfortunate incidents that have come to light through media reports regarding public gatherings all over Bengaluru in anticipation of the team’s arrival this… pic.twitter.com/C0RsCUzKtQ
ബുധനാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ വിക്ടറി പരേഡില്‍ പങ്കെടുക്കാനെത്തിയ നിരവധി പേര് തിക്കിലും തിരക്കിലും പെടുകയായിരുന്നു. ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 11 മരണങ്ങളാണ് നടന്നത്. ഇതില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ഇത് കൂടാതെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കിരീട നേട്ടത്തിന്റെ ആവേശം ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു. ആളുകളെ സ്ഥലത്ത് നിന്നും മാറ്റുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Virat Kohli Breaks Silence On 11 Deaths Due To Stampede At RCB's IPL 2025 Title Celebration