
ഐപിഎല്‍ 18-ാം സീസണിന്റെ ഫൈനല്‍ നിരവധി വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കാണ് സാക്ഷിയായത്. 18 വര്‍ഷങ്ങളില്‍ ഇതുവരെ ചാംപ്യന്‍മാരായിട്ടില്ലാത്ത രണ്ടുടീമുകള്‍ കിരീടത്തിനായി നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഒരു ടീമിന്റെ കാത്തിരിപ്പ് അവസാനിക്കുകയും മറ്റൊരു ടീമിന്റെ കാത്തിരിപ്പ് തുടരുമെന്നതും ഉറപ്പായിരുന്നു. ആവേശപ്പോരാട്ടത്തിനൊടുവില്‍ കോഹ്ലിയും ആര്‍സിബിയും ആദ്യ കിരീടം സ്വന്തമാക്കിയപ്പോള്‍ പഞ്ചാബ് കിംഗ്സിനും ടീം ഉടമ പ്രീതി സിന്റയ്ക്കും കന്നിക്കിരീടമെന്ന സ്വപ്നം ഇത്തവണയും ബാക്കിയായി.
മത്സരത്തിന്റെ അവസാന ഓവറില്‍ വിജയമുറപ്പിച്ച നിമിഷം ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്ന് സന്തോഷത്തോടെ വിതുമ്പുന്ന വിരാട് കോഹ്ലിയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആര്‍സിബി താരങ്ങള്‍ വിജയാഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ പ്രീതി സിന്റയ്ക്കും ഇത് വൈകാരിക നിമിഷമായിരുന്നു. കപ്പിനും ചുണ്ടിനുമിടയില്‍ വീണ്ടും കിരീടം നഷ്ടപ്പെട്ടതിന്റെ നിരാശയില്‍ ഗ്രൗണ്ടിലൂടെ നടക്കുന്ന പ്രീതി സിന്റയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മത്സരത്തിന് ശേഷം പതിവുപോലെ ഗ്രൗണ്ടിലെത്തിയ പ്രീതി താരങ്ങളുമായി സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ശ്രേയസ് അയ്യര്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ അടുത്തെത്തി അവരെ ആശ്വസിപ്പിക്കാനും പ്രീതി മറന്നില്ല. ദൃശ്യങ്ങള്‍ വൈറലായതോടെ പ്രീതി സിന്റയെ ആശ്വസിപ്പിച്ചും ആരാധകരില്‍ പലരും രംഗത്തെത്തി. കോഹ്ലിയെയും ആര്‍സിബിയെയും പോലെ പ്രീതി സിന്റയും പഞ്ചാബും കപ്പ് അര്ഹിച്ചിരുന്നെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
ഐപിഎല്ലിന്റെ കിരീടപ്പോരില്‍ ആവേശകരമായ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ ആറ് റണ്‍സിന് തകര്‍ത്താണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കന്നിക്കിരീടം ഉയര്‍ത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. 43 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ആര്‍സിബി നിരയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 16 പന്തില്‍ 26 റണ്‍സുമെടുത്തു.
മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സിലെത്താനെ പഞ്ചാബ് കിങ്സിന് സാധിച്ചുള്ളു. 30 പന്തില്‍ പുറത്താകാതെ 61 റണ്‍സെടുത്ത ശശാങ്ക് സിങ് പഞ്ചാബിനായി അവസാന നിമിഷം വരെ പൊരുതിയിരുന്നു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യയാണ് ആര്‍സിബി ബൗളിങ് നിരയില്‍ തിളങ്ങിയത്.
Content Highlights: Preity Zinta Gets Emotional After Punjab Kings Lose IPL 2025 Final