2,000 കിലോമീറ്റർ യാത്രയിൽ പൂർണമായും സൗജന്യ ഭക്ഷണം; ഇന്ത്യയിലെ ആ ഒരൊറ്റ ട്രെയിനിനെ കുറിച്ചറിയാം!

ഏകദേശം 29 വർഷമായി യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകിവരികയാണ്

dot image

രാജ്യത്തെ ഏറ്റവും വലിയ ഗതാഗത മാർഗം ഏതെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ നമുക്കൂള്ളൂ, ഇന്ത്യൻ റെയിൽവെ. 67,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന, 13,000 ത്തിലധികം പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തുന്ന, ഏറ്റവും കൂടുതൽ ആളുകൾ യാത്രയ്ക്ക് ആശ്രയിക്കുന്ന സംവിധാനമാണ് ഇന്ത്യൻ റെയിൽവെ. ലോകത്തിലെ ഏറ്റവും വലിയ റെയിൽവെ സംവിധാനവും ഇന്ത്യയുടേത് തന്നെ.

മറ്റ് യാത്രാ മാർഗങ്ങളെ അപേക്ഷിച്ച് എളുപ്പത്തിൽ എത്തിച്ചേരാം എന്നതും കുറഞ്ഞ ചെലവുമാണ് റെയില്‍വേയെ ഇന്ത്യയില്‍ ഇത്രയേറെ ജനകീയമാക്കിയത്. സാധാരണയായി പണം നൽകിയാലാണ് ഇന്ത്യന്‍ ട്രെയിനുകളിൽ ഭക്ഷണം ലഭിക്കുക. എന്നാല്‍ യാത്രക്കാർക്ക് പൂർണ്ണമായും സൗജന്യമായി ഭക്ഷണം നൽകുന്ന ഒരു പ്രത്യേക ട്രെയിനുണ്ട് ഇന്ത്യയില്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ!! വിശ്വസിച്ചേ മതിയാവൂ.

മഹാരാഷ്ട്രയിലെ നന്ദേഡിനും പഞ്ചാബിലെ അമൃത്സറിനും ഇടയിൽ സർവീസ് നടത്തുന്ന സച്ച്ഖണ്ഡ് എക്സ്പ്രസിലാണ് യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണം നൽകിവരുന്നത്. (12715) . ഏകദേശം 29 വർഷമായി ഇത് തുടരുന്നുണ്ട്. അമൃത്സറിലെ ശ്രീ ഹർമന്ദർ സാഹിബ് ഗുരുദ്വാരയിൽ നിന്ന് നന്ദേഡിലെ ശ്രീ ഹുസൂർ സാഹിബ് ഗുരുദ്വാരയിലേക്കാണ് ട്രെയിൻ ഓടുന്നത്.

2,000 കിലോമീറ്റർ യാത്രയിലുടനീളം യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിൻ എന്ന വിശേഷണമുണ്ട് സച്ച്ഖണ്ഡ് എക്സ്പ്രസിന്. 33 മണിക്കൂർ നീണ്ട യാത്രയിൽ 39 സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്തുക. ന്യൂഡൽഹി, ഭോപ്പാൽ, പർഭാനി, ജൽന, ഔറംഗാബാദ്, മറാത്ത്‌വാഡ എന്നീ ആറ് പ്രധാന സ്റ്റേഷനുകളിൽ ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

മെനുവിൽ സാധാരണയായി 'കധി ചാവൽ', 'ചോലെ', 'ദാൽ', 'ഖിച്ഡി', 'ആലു കാബേജ്' എന്നിവയും മറ്റ് വിഭവങ്ങളും ഉൾപ്പെടുന്നു. ഗുരുദ്വാരകളിൽ നിന്ന് ഭക്ഷണമായും പണമായും ലഭിക്കുന്ന സംഭാവനകൾ ഉപയോഗിച്ചാണ് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നത്.

Content Highlights: Completely free food on a 2,000 km journey; Let's know about the only train in India!

dot image
To advertise here,contact us
dot image