
മാസങ്ങള്ക്ക് മുമ്പാണ് സ്വന്തം പോഡ്കാസ്റ്റായ ഐഎംഒ വിത്ത് മിഷേല് ഒബാമ ആന്ഡ് ക്രെയ്ഗ് റോബിന്സണ് അമേരിക്കന് മുന് ഫസ്റ്റ്ലേഡി മിഷേല് ഒബാമ പുറത്തിറക്കിയത്. മൂത്ത സഹോദരനൊപ്പം ചേര്ന്നാണ് പോഡ്കാസ്റ്റില് മിഷേല് പങ്കെടുക്കുന്നത്. ഇതില് സെലിബ്രിറ്റികളുമായും വലിയ നേതാക്കളുമായുള്ള കാന്ഡിഡ് സംഭാഷണങ്ങളാണ് ഉള്പ്പെടുത്താറുള്ളത്. കുറച്ച് മാസങ്ങളായി ബരാക്ക് ഒബാമയും മിഷേലും തമ്മില് വിവാഹമോചിതരാകാന് പോകുന്നു എന്ന തരത്തില് പ്രചാരണം നടന്നിരുന്നു. ഇതിന് ശക്തമായ മറുപടി തന്നെയാണ് ഇപ്പോള് ഐഎംഒ പോഡ്കാസ്റ്റിലൂടെ ഒബാമ ദമ്പതികള് നല്കിയിരിക്കുന്നതും. ഓണ്ലൈന് കപ്പിള് ഗയിമിലൂടെ വ്യാജ പ്രചാരകര്ക്ക് മുഖമടച്ച മറുപടിയാണ് നല്കിയിരിക്കുന്നത്. ഇതേ പോഡ്കാസ്റ്റില് ഒരിടത്ത് ജീവിതത്തില് ഒരിക്കലും തന്റെ പങ്കാളിയെ വിട്ടുപിരിയുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ലെന്ന് മിഷേല് വ്യക്തമാക്കുന്നുണ്ട്.
മിഷേലിന്റെ പോഡ്കാസ്റ്റില് ഏവര്ക്കും സര്പ്രൈസായാണ് ഒബാമയുടെ എന്ട്രി. ഇരുവരും ഒന്നിച്ചുള്ള വീഡിയോ ഇന്റര്നെറ്റില് തരംഗമായിരിക്കുകയാണ്. റീല് വീഡിയോയില് ദമ്പതികളോട് പതിനാല് ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഇരുവരിലും ആരാണ് ആ ശീലമുള്ളയാള്, ആരുടെ വ്യക്തിത്വമാണ് ഇങ്ങനെ എന്നതിനെല്ലാമാണ് ഉത്തരം പറയേണ്ടത്. ആദ്യത്തെ ചോദ്യം ഒരു വഴക്ക് കഴിഞ്ഞാല് ആരാണ് ആദ്യം മാപ്പുപറയുക എന്നതായിരുന്നു. അത് ബരാക്ക് ഒമായാണെന്ന് ഇരുവരും സമ്മതിക്കുന്നുണ്ട്. കൂടുതല് റൊമാന്റിക്ക് ആരാണെന്ന ചോദ്യത്തിനും ഉത്തരം ബരാക്ക് തന്നെയാണെന്നാണ്. കൂടുതല് ഫണ്ണി മിഷേലായപ്പോള് കൂടുതല് ക്ഷമയുള്ളത് ബരാക്കിനാണെന്ന് ഇരുവരും സമ്മതിക്കുന്നുണ്ട്. മുപ്പത് വര്ഷത്തെ കെട്ടുറപ്പുള്ള ദാമ്പത്യത്തില് പരസ്പരം അവര് എത്രമാത്രം മനസിലാക്കിയാണ് മുന്നോട്ടു പോകുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് ഇതെന്നാണ് കമന്റുകളില് പലരും അഭിപ്രായപ്പെടുന്നത്.
ഇരുവരുടെയും മനോഹരമായ വീഡിയോയ്ക്ക് ഇപ്പോള് തന്നെ ലക്ഷകണക്കിന് വ്യൂവ്സും ലഭിച്ചിട്ടുണ്ട്. ഐഎംഒ പോഡ്കാസ്റ്റില് കുറച്ച് കാലമായി പ്രചരിക്കുന്ന വാര്ത്തകളെ കുറിച്ച് ഇരുവരും വ്യക്തമായി തന്നെ സംസാരിച്ചു. വൈറ്റ് ഹൗസില് നിന്നും എല്ലാ ഉത്തരവാദിത്തങ്ങളും കഴിഞ്ഞ് പുറത്തെത്തിയപ്പോള് പൊതുമധ്യത്തില് നിന്ന് ഒഴിഞ്ഞ് നില്ക്കാനാണ് തീരുമാനിച്ചതെന്നും ഈ തീരുമാനമാണ് അനാവശ്യമായ പ്രചാരണങ്ങള്ക്ക് ഇടവെച്ചതെന്നും അവര് വിശദീകരിക്കുന്നു. മാറി നില്ക്കാന് തീരുമാനിച്ചതിന് പിന്നില് ബരാക്കുമായുള്ള ബന്ധത്തില് എന്തെങ്കിലും പ്രശ്നമുള്ളത് കൊണ്ടല്ലെന്നും അവര് പറയുന്നു.
Content Highlights: viral imo podcast reel video of obama couple