അഞ്ച് രൂപയുടെ ഖെെനി; ബഹ്റെെനിൽ യുപിക്കാരന് 18 ലക്ഷം പിഴ

ഒക്ടോബർ 29ന് മുംബൈയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ ബഹ്റൈനിലെത്തിയപ്പോഴാണ് ഇയാളുടെ ലഗേജിൽ ഖൈനി പാക്കറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്

Google

ലഗേജിൽ ഖൈനി പാക്കറ്റ് കണ്ടെത്തിയതിനെത്തുടർന്ന് ബഹ്റൈനിൽ യുപിക്കാരന് 18 ലക്ഷം രൂപ പിഴ. ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയായ 35കാരൻ സൗരഭ് റായിക്കാണ് കോടതി പിഴ ചുമത്തിയത്. പിഴയും നിയമസഹായത്തിനുള്ള ചെലവുകളും ഉൾപ്പെടെ 7,200 ബഹ്റൈൻ ദിനാർ (ഏകദേശം 17.8 ലക്ഷം രൂപ) അടച്ചാണ് ഇയാൾ മോചിതനായത്. 18 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ സൗരഭ് നവംബർ 24ന് നാട്ടിലെത്തി.

ഒക്ടോബർ 29ന് മുംബൈയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ ബഹ്റൈനിലെത്തിയപ്പോഴാണ് ഇയാളുടെ ലഗേജിൽ ഖൈനി പാക്കറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തുടർന്ന് ഇയാളെ ബഹ്റൈൻ പൊലീസിനും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിനും കൈമാറി. ബാഗും മൊബൈൽ ഫോണും പിടിച്ചെടുത്തു. പുകയിലയുമായി ബഹ്റൈനിലെത്തിയതിന്റെ ഉദ്ദേശ്യവും അത് രാജ്യത്ത് വിൽക്കാനോ കടത്താനോ പദ്ധതിയുണ്ടായിരുന്നോയെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

സൗദി അറേബ്യയിലെ ദമ്മാമിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് സൗരഭ്. കസ്റ്റഡിയിൽ കഴിഞ്ഞ സമയത്ത് ആവശ്യമായ ചൂടുള്ള വസ്ത്രങ്ങളോ പുതപ്പോ ലഭിച്ചില്ലെന്നും ആരോഗ്യനില മോശമായെന്നും ഇയാൾ വെളിപ്പെടുത്തി. പിഴ അടയ്ക്കുകയോ തടവുശിക്ഷ അനുഭവിക്കുകയോ ചെയ്യാമെന്നായിരുന്നു അധികൃതർ നൽകിയ നിർദേശമെന്നും ഇയാൾ പറഞ്ഞു. ബഹ്റൈനിലെത്തിയശേഷം സൗരഭുമായി ബന്ധപ്പെടാൻ കഴിയാതായതോടെ കുടുംബം അവിടെയുള്ള പരിചയക്കാരുടെ സഹായത്തോടെ അഭിഭാഷകനെ ഏർപ്പെടുത്തി. തുടർന്ന് നവംബർ 18ന് കോടതി മോചനം അനുവദിച്ചു.

മോചിതനായ ശേഷം സൗദി അറേബ്യയിലെത്തിയ സൗരഭ് വിമാനമാർ​ഗം ഡൽഹിയിലെത്തി. തുടർന്ന് നവംബർ 21 ന് നാട്ടിലെത്തി. നിലവിൽ ടൈഫോയ്ഡ്, മലേറിയ എന്നിവയ്ക്ക് ചികിത്സയിലാണ്. സൗരഭിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ കുടുംബം നവംബർ 12ന് അസംഗഢ് ജില്ലാ ഭരണകൂടത്തെയും പൊലീസിനെയും സമീപിച്ചിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടുകയും അധികൃതർ ഇടപെട്ട് ഇയാളെ കണ്ടെത്തി നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് സഹായം നൽകുകയും ചെയ്യുകയുമായിരുന്നു.

Content Highlights: A man from Uttar Pradesh was detained at Bahrain airport after customs officials found a khaini packet in his luggage. He was released after paying around Rs 18 lakh in fines and legal expenses

To advertise here,contact us