

നെറ്റ്ഫ്ലിക്സ് സീരീസുകളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ സ്വന്തമാക്കിയ സെ-ഫൈ അമേരിക്കൻ ഡ്രാമയാണ് 'സ്ട്രേഞ്ചർ തിങ്ങ്സ്'. നാല് സീസണുകളുണ്ടായിരുന്ന സീരീസിന്റെ അവസാനത്തെയും ക്ലൈമാക്സുമായ അഞ്ചാമത്തെ സീരീസിനായി കാത്തിരിക്കുകയാണ് ലോക പ്രേക്ഷകർ. സീരിസിന്റെ അവസാന സീസൺ നവംബർ 26 ന് പുറത്തിറങ്ങും. ഇപ്പോഴിതാ അവസാന സീസണിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്.
നവംബർ 26 നാണ് ആഗോള തലത്തിൽ സ്ട്രേഞ്ചർ തിങ്ങ്സ് പുറത്തിറങ്ങുന്നത്. എന്നാൽ ഇന്ത്യൻ ആരാധകർക്ക് സീരീസ് കാണാനായി ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ഇന്ത്യയിൽ നവംബർ 27 ന് പുലർച്ചെ 6.30 മുതലാണ് സ്ട്രേഞ്ചർ തിങ്ങ്സ് സ്ട്രീമിങ് ആരംഭിക്കുന്നത്. അഞ്ചാം സീസൺ എട്ട് എപ്പിസോഡുകളായാകും എത്തുക. മൂന്ന് ഭാഗങ്ങളായിട്ടാണ് ഈ എട്ട് എപ്പിസോഡുകളും പ്രേക്ഷകരിലേക്ക് എത്തുക. ഇതിൽ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിൽ ആദ്യ എപ്പിസോഡിന്റെ നീളം ഒരു മണിക്കൂറും എട്ട് മിനിറ്റുമാണ്. രണ്ടാം എപ്പിസോഡ് 54 മിനിറ്റും മൂന്നാമത്തെ എപ്പിസോഡ് ഒരു മണിക്കൂർ ആറ് മിനിറ്റുമാണ് നീളം. അതേസമയം, നാലാം എപ്പിസോഡിനാണ് ഏറ്റവും കൂടുതൽ ദൈർഘ്യം. ഒരു മണിക്കൂറും 23 മിനിറ്റുമാണ് ഈ എപ്പിസോഡിന്റെ നീളം.
ക്രിസ്മസ് സ്പെഷ്യൽ ആയി ഡിസംബർ 25 ന് രണ്ടാം വോളിയം പുറത്തിറങ്ങും. മൂന്ന് എപ്പിസോഡുകളാണ് ഇതിൽ ഉൾപ്പെടുന്നത്. സീരിസിന്റെ അവസാന ഭാഗം ഡിസംബർ 31 ന് പുറത്തുവരും. രണ്ട് മണിക്കൂറോളമാണ് ഈ എപ്പിസോഡിന്റെ ദൈർഘ്യം. സീരിസിന്റെ അവസാന എപ്പിസോഡ് നെറ്റ്ഫ്ലിക്സിനൊപ്പം തിയേറ്ററിൽ പുറത്തിറക്കാനും അണിയറപ്രവർത്തകർ പദ്ധതിയിടുന്നുണ്ട്. യുകെയിലും കാനഡയിലുമാണ് സീരീസ് തിയേറ്ററിൽ എത്തുന്നതെന്നാണ് വിവരം. ഇന്ത്യയിൽ റിലീസ് ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 1980 കളിലെ ഇന്ത്യാനയിലെ ഹോക്കിൻസ് എന്ന നഗരമാണ് ആദ്യ മൂന്ന് സീസണിന്റെ പ്രധാന പശ്ചാത്തലം. തുടർന്ന് നാലാം സീസണിൽ റഷ്യയും പശ്ചാത്തലമാകുന്നുണ്ട്.
ടെലിവിഷൻ പുരസ്കാരങ്ങളിൽ ഏറ്റവും ജനപ്രിയ അവാർഡ് ഷോ ആയ എമ്മീസ് 2022ലും 'സ്ട്രേഞ്ചർ തിങ്ങ്സ്' ഇടം നേടിയിട്ടുണ്ട്. മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച കാസ്റ്റിംഗ്, മികച്ച സീരീസ്, എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലേക്കുള്ള നോമിനേഷൻ പട്ടികൽ സീരീസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Content Highlights: Stranger Things release date and time out now