
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നിര്‍മാതാവിനെയും സംവിധായകനെയും ചെരുപ്പ് കൊണ്ട് അടിച്ച് നടി രുചി ഗുജ്ജര്‍. സോം ലോംഗ് വാലി എന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോയ്ക്കിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രുചി ഗുജ്ജറും മറ്റുള്ളവരും തമ്മില്‍ വലിയ വാക്കേറ്റം നടക്കുന്നതും ഒടുവില്‍ നടി ചെരുപ്പൂരി അടിക്കുന്നതും വീഡിയോയില്‍ കാണാം.
സോം ലോഗ് വാലി എന്ന ചിത്രത്തിന്റെ നിര്‍മാതാവായ കരണ്‍ സിംഗ് ചൗഹാന്‍ 25 ലക്ഷം രൂപ തട്ടിയെന്നാണ് രുചി ഗുജ്ജറിന്റെ ആരോപണം. സോണി ടിവിയില്‍ സംപ്രേഷണം ചെയ്യാനായി ഒരു ഹിന്ദി സീരിയല്‍ നിര്‍മിക്കാമെന്ന ഓഫറുമായാണ് കരണ്‍ സിംഗ് തന്നെ വന്ന് കണ്ടതെന്ന് രുചി പറയുന്നു.
താനും നിര്‍മാണപങ്കാളിയാകുമെന്ന നിബന്ധനയില്‍ സീരിയില്‍ നിര്‍മിക്കാന്‍ ധാരണയായി. തുടര്‍ന്ന്, 2023 ജൂലൈ മുതല്‍ 2024 ജൂലൈ വരെയുള്ള സമയങ്ങളില്‍ പല തവണകളായി 25 ലക്ഷത്തോളം രൂപ കരണ്‍ സിംഗിന് നല്‍കി. എന്നാല്‍ പിന്നീടാണ് കരണ്‍ 'സോ ലോംഗ് വാലി' എന്ന ചിത്രത്തിന്റെ നിര്‍മാണത്തിനായി തന്റെ പണം ഉപയോഗിക്കുകയാണെന്ന് അറിഞ്ഞത്.
ഉടന്‍ തന്നെ പണം തിരികെ ആവശ്യപ്പെട്ട് കരണ്‍ സിംഗിനെ സമീപിച്ചെങ്കിലും ഭീഷണിയായിരുന്നു മറുപടി. ചിത്രത്തിന്റെ റിലീസുണ്ടെന്നും സ്‌പെഷ്യല്‍ ഷോ ഉണ്ടെന്നും അറിഞ്ഞപ്പോള്‍ താന്‍ നേരിട്ടെത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും രുചി പറയുന്നു. നടിയുടെ പരാതിയില്‍ കരണ്‍ സിംഗ് ചൗഹാനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: Actress Ruchi Gujjar hits director with chappal, video goes viral