
മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ആറാം തമ്പുരാൻ. 1997 ൽ ഷാജി കൈലാസ് സംവിധാനത്തിൽ എത്തിയ സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു മോഹൻലാലിന് നായിക. സിനിമയിലെ പാട്ടുകൾ എല്ലാം ഇന്നും സിനിമാപ്രേമികളുടെ പ്ലേലിസ്റ്റില്‍ മുന്നിൽ തന്നെയുണ്ട്. ആറാം തമ്പുരാനിലെ 'ഹരി മുരളീരവം' പാട്ടിൽ ഉര്‍വശിയും ഉണ്ടെന്ന് അടുത്തിടെ ചില സിനിമാപ്രേമികള്‍ കണ്ടെത്തിയിരുന്നു. സിനിമയിൽ തന്റെ കണ്ണുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്
ഉര്‍വശി തന്നെ ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്. 'എൽ ജഗദമ്മ ഏഴാം ക്ലാസ് ബി' എന്ന ചിത്രത്തിന്റെ പ്രമോഷന്‍റെ ഭാഗമായി മൂവി വേർഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
'ആറാം തമ്പുരാനിൽ മധുമൊഴി രാധേ എന്ന പാട്ടിൽ ഞാൻ ഉണ്ട്. അത് വേറെ ഏതോ സിനിമയിൽ നിന്ന് എന്റെ കണ്ണുകൾ എടുത്ത് ഇട്ടതാണ്', ഉർവശി പറഞ്ഞു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏത് സിനിമയിൽ നിന്നാണ് ഉർവശിയുടെ കണ്ണുകൾ എടുത്തിരിക്കുന്നതെന്നറിയാനുള്ള തിരക്കിലാണ് ഇപ്പോൾ ആരാധകർ.
അതേസമയം , ആറാം തമ്പുരാനിൽ ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. 1997-ലെ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിലൂടെ രാജാമണിക്ക് ലഭിച്ചിരുന്നു.
Content Highlights: Urvashi says she is in the movie Aaram Thamburaan