ചാറ്റ് ജിപിടിയിൽ പാട്ടുകളുടെ വരികൾ ഉണ്ടാക്കിയിട്ടുണ്ട്, തരുന്ന ഓപ്ഷനിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കും,' അനിരുദ്ധ്

'ചാറ്റ് ജിപിടി എനിക്ക് ഏകദേശം പത്ത് ഓപ്ഷനുകള്‍ തന്നു. അതില്‍ നിന്ന് ഞാന്‍ ഒരെണ്ണം തിരഞ്ഞെടുത്ത് പാട്ട് ഫിനിഷ് ചെയ്യും'

dot image

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ലോകേഷ് സംവിധാനത്തിൽ എത്തുന്ന കൂലിയാണ് അനിരുദ്ധിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. സിനിമയിലെ ഇതുവരെ ഇറക്കിയ പാട്ടുകൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്.ഇപ്പോഴിതാ പാട്ട് നിര്‍മിക്കുന്നതിനായി ചാറ്റ് ജിപിടിയുടെ സഹായം തേടാറുണ്ടെന്ന് പറയുകയാണ് അനിരുദ്ധ്. കൂലി സിനിമയുടെ പ്രമോഷൻ ഭാഗമായി സൺ പിക്ചേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ചാറ്റ് ജിപിടിയുടെ പ്രീമിയം മെമ്പര്‍ഷിപ്പ് ഞാന്‍ എടുത്തിട്ടുണ്ടെന്നും അനിരുദ്ധ് കൂട്ടിച്ചേർത്തു.

'എന്റെ ടീമില്‍ മൊത്തം എട്ട് പേരാണ് ഉള്ളത്. സ്റ്റുഡിയോയില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ അവരുടെ കൂടെത്തന്നെയാണ് ഞാന്‍. ഒരുമിച്ച് ചര്‍ച്ച ചെയ്ത് ഒരുപാട് സമയമെടുത്താണ് ഓരോ വര്‍ക്കും ചെയ്യുന്നത്. ഒരു ട്യൂണ്‍ ക്രിയേറ്റ് ചെയ്തു കഴിഞ്ഞാല്‍ അത് എല്ലാവരുമായും ഡിസ്‌കസ് ചെയ്യും. ഒരാള്‍ക്ക് ഇഷ്ടമാകാതിരുന്നാല്‍ കൂടി അത് ഒഴിവാക്കി പുതിയത് ഉണ്ടാക്കും. അതാണ് ഞങ്ങളുടെ രീതി. വരികളുടെ കൂടെ മ്യൂസിക് കമ്പോസ് ചെയ്യാനാണ് പലപ്പോഴും ശ്രമിക്കാറുള്ളത്. ഹുക്ക് ലൈന്‍ ഏതാണെന്ന് ആദ്യമേ മനസിലാക്കി അതിനനുസരിച്ച് ട്യൂണ്‍ ഉണ്ടാക്കും. ചില സമയത്ത് പാട്ട് എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ ഐഡിയ കിട്ടാതെ വരും.

ഒരു കാര്യം തുറന്നുപറയാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു. ചാറ്റ് ജിപിടിയുടെ പ്രീമിയം മെമ്പര്‍ഷിപ്പ് ഞാന്‍ എടുത്തിട്ടുണ്ട്. പാട്ടിന്റെ വരികളുടെ കാര്യത്തില്‍ ഇടയ്ക്ക് കണ്‍ഫ്യൂഷന്‍ വരും. അവസാനത്തെ രണ്ട് വരിയൊക്കെ കിട്ടാതാകുമ്പോള്‍ ഞാന്‍ അതുവരെയുള്ള വരികള്‍ ചാറ്റ് ജിപിടിക്ക് കൊടുത്തിട്ട് രണ്ട് വരി കൂടെ ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടും. ചാറ്റ് ജിപിടി എനിക്ക് ഏകദേശം പത്ത് ഓപ്ഷനുകള്‍ തന്നു. അതില്‍ നിന്ന് ഞാന്‍ ഒരെണ്ണം തിരഞ്ഞെടുത്ത് പാട്ട് ഫിനിഷ് ചെയ്യും',അനിരുദ്ധ് പറഞ്ഞു.

Content Highlights: Anirudh Ravichander reveals he used ChatGPT to write a song

dot image
To advertise here,contact us
dot image