
നസ്ലെൻ നായകനായ പുതിയ ചിത്രം ആലപ്പുഴ ജിംഖാന തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ വിജയാഘോഷങ്ങൾക്കിടയിൽ തോളിൽ കയ്യിട്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ച ആരാധകനോട് നടൻ തന്റെ അനിഷ്ടം പ്രകടിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് വഴി വെച്ചിരുന്നു.
ആരാധകരുടെ ഇടയിലൂടെ ഇറങ്ങി വരുന്ന നസ്ലെന്റെ ചിത്രമെടുക്കാൻ ആളുകൾ തിരക്ക് കൂട്ടുന്നതും ഇതിനിടയിൽ ഒരാൾ നസ്ലെന്റെ തോളില് കയ്യിട്ട് ചിത്രം എടുക്കാന് ശ്രമിക്കുന്നതുമാണ് വീഡിയോ. 'ടാ വിടടാ വിടടാ' എന്നും പറഞ്ഞ് നടൻ ആ കൈ തട്ടിമാറ്റി നടന്നു പോകുന്നതും കാണാം. താരത്തിന്റെ പ്രവൃത്തിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിക്കുകയാണ് നസ്ലെൻ. പ്രതികരിക്കേണ്ട ആരോപണങ്ങളിൽ മാത്രം പ്രതികരിച്ചാൽ മതിയെന്നും തന്റെ പ്രതികരണമാണ് ആ വീഡിയോയിൽ ഉള്ളതെന്നും പറയുകയാണ് നസ്ലെൻ. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'പ്രതികരിക്കേണ്ട സ്ഥലങ്ങളിൽ മാത്രം പ്രതികരിച്ചാൽ പോരെ. വെറുതെ അനാവശ്യമായി നമ്മൾ പ്രതികരിക്കേണ്ട. എന്റെ പ്രതികരണം ആണ് വീഡിയോയിൽ കണ്ടതാണ്. എനിക്ക് അതേ പറയാനുള്ളൂ. ഞാൻ അവിടെ കൃത്യമായി പ്രതികരിച്ചെന്നാണ് എനിക്ക് തോന്നുന്നത് അത് കഴിഞ്ഞിട്ട് പിന്നെ വിശദീകരണം നൽകണം എന്ന് എനിക്ക് തോന്നിയില്ല. അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വന്ന് ഞാൻ പറയാതിരുന്നത്,' നസ്ലെൻ പറഞ്ഞു.
എന്ത് ആരാധകൻ ആണെന്ന് പറഞ്ഞാലും അനുവദം ഇല്ലാതെ ദേഹത്ത് കൈ വെക്കാൻ പറ്റില്ല... നസ്ലിൻ ആണ് ശരി 👌#AlappuzhaGymkhana #Naslen pic.twitter.com/xE7f0eVPzH
— Mollywood Exclusive (@Mollywoodfilms) April 12, 2025
അതേസമയം, ആലപ്പുഴ ജിംഖാനയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്മാന്റെ സംവിധാനമികവ് ആവര്ത്തിച്ചുവെന്നാണ് പ്രേക്ഷക അഭിപ്രായങ്ങള്. സ്പോര്ട്സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലര്ത്തിയെന്നും അഭിപ്രായങ്ങളുണ്ട്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
Content Highlights: naslen responds to the vairal vedio on fan incident