
ജന്മദിനമാഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന് ആശംസകളറിയിച്ച് ടീം എമ്പുരാൻ. എമ്പുരാന്റെ സംഗീത സംവിധായകൻ ദീപക് ദേവിന്റെ പിറന്നാൾ പാട്ടിലൂടെ തുടങ്ങി സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച് എല്ലാവരും നടന് ജന്മദിനാശംസകൾ നേരുന്ന വീഡിയോ ആശിർവാദ് സിനിമാസ് ആണ് യൂട്യൂബിൽ പുറത്തിറക്കിയത്. വീഡിയോ മോഹൻലാലും പങ്കുവെച്ചിട്ടുണ്ട്.
'എന്റെ സഹോദരന്, എന്റെ എമ്പുരാന് ജന്മദിനാശംസകൾ' എന്നാണ് മോഹൻലാൽ വീഡിയോയിലൂടെ പൃഥ്വിക്ക് ആശംസയറിയിച്ചത്. സിനിമാ മേഖലയിൽ നിന്ന് മറ്റ് താരങ്ങളും പൃഥ്വിക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസയറിയിച്ചു. 'കാൽമുട്ടിനേറ്റ പരിക്കും തുടർന്നുള്ള വിശ്രമവേളകളുമായി ഏതാനും മാസങ്ങൾ കഠിനമായിരുന്നു. എന്നാൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള സെറ്റിൽ വീണ്ടും കാണാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ജന്മദിനാശംസകൾ പി, ഈ വർഷം ഇനിയും മികച്ചതായിരിക്കട്ടെ. 'ആടുജീവിതം' മുതൽ 'സാലർ', 'ബിഎംസിഎം' തുടങ്ങി പലതും നിങ്ങൾ ചെയ്തതെല്ലാം കാണാൻ ലോകം കാത്തിരിക്കുകയാണ്, നിർമ്മാതാവും പൃഥ്വിരാജിന്റെ ജീവിതപങ്കാളിയുമായ സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം, എമ്പുരൻ ഡൽഹിയിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ഡൽഹിക്ക് ശേഷം ഷിംല, ലഡാക്ക് എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. മോഹൻലാൽ ആരാധകർക്ക് പൃഥ്വിരാജ് നൽകിയ സമ്മാനമായിരുന്നു ലൂസിഫറിലെ 'അബ്രാം ഖുറേഷി' എന്ന കഥാപാത്രം. 2019-ൽ സിനിമ വിജയമായതിന് പിന്നാലെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.