അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങളില്‍ പെട്ടെന്ന് പണം ലഭിക്കാനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് സ്വര്‍ണ വായ്പ. ബാങ്കില്‍ സ്വര്‍ണം പണയം വച്ച് വായ്പ എടുക്കുന്നതിനാല്‍ സാധാരണയായി താരതമ്യേന കുറഞ്ഞ പലിശ നിരക്കില്‍ ധനസഹായം ലഭിക്കും. ഈട് നേരിട്ട് കയ്യിലുള്ളതിനാലും അതിന്റെ മൂല്യം കണക്കാക്കാന്‍ എളുപ്പമായതിനാലും വരുമാന സര്‍ട്ടിഫിക്കറ്റുകളോ സങ്കീര്‍ണമായ ക്രെഡിറ്റ് പരിശോധനകളോ ഇല്ലാതെ തന്നെ ഇവ വേഗത്തില്‍ ലഭിക്കുന്നു.
അടുത്തിടെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും, സ്വര്‍ണം ഇപ്പോഴും നിക്ഷേപകരുടെ പ്രിയപ്പെട്ട ആസ്തികളിലൊന്നായി തുടരുകയാണ്.എന്നാല്‍ സ്വര്‍ണ വായ്പകള്‍ എല്ലാ സാഹചര്യങ്ങളിലും അത്ര ഗുണകരമല്ല, ചില സാഹചര്യങ്ങളില്‍ മാത്രമേ ആ ഓപ്ഷന് ഉപയോഗിക്കുന്നതാണ് നല്ലത്. എപ്പോഴാണ് ഒഴിവാക്കേണ്ടത്? നോക്കാം
ആഡംബര വസ്തുക്കള്‍ വാങ്ങാനോ ദൈനംദിന ജീവിതച്ചെലവുകള്ക്കോ സ്വര്‍ണ വായ്പ ഉപയോഗിക്കുന്നത് ദോഷകരമാണ്. ഇത് പണവും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വവും നഷ്ടപ്പെടുത്താന്‍ കാരണമാകും. കൃത്യമായ തിരിച്ചടവ് പ്ലാന്‍ ഇല്ലെങ്കില്‍ പലിശ ഇരട്ടിയാവുകയും ഒടുവില്‍ ഈട് വെച്ച സ്വര്‍ണം തന്നെ നഷ്ടപ്പെടുകയും ചെയ്തേക്കാം. സ്വര്‍ണ വായ്പ അത്യാവശ്യത്തിന് പണം കണ്ടെത്താനുളള തന്ത്രപരമായ ഉപാധി മാത്രമാണ്. അത് ജീവിതശൈലിയുടെ ഭാഗമാക്കാതെ പ്രത്യേകം ശ്രദ്ധിക്കുക.
എപ്പോഴാണ് സ്വര്‍ണ വായ്പ എടുക്കേണ്ടത്?
പണം ലഭിക്കുന്ന വേഗതയ്ക്ക് പലിശ നിരക്കിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടി വരുന്ന സാഹചര്യങ്ങളില്‍, ഉദാഹരണത്തിന് മെഡിക്കല്‍ എമര്ജന്സികള്ക്കോ ബിസിനസിലെ പെട്ടെന്നുള്ള പണക്ഷാമത്തിനോ ഇത് ഏറ്റവും അനുയോജ്യമാണ്.
മൂന്ന് മുതല്‍ പന്ത്രണ്ട് മാസം വരെയുള്ള ചെറിയ കാലയളവിലേക്ക് പണം ആവശ്യമുള്ളപ്പോള്‍ സ്വര്‍ണ വായ്പ തിരഞ്ഞെടുക്കാം. ദീര്‍ഘകാലത്തേക്ക് ഇത് ഉപയോഗിക്കുന്നത് പലിശ ഭാരം വര്‍ദ്ധിപ്പിക്കും
കുറഞ്ഞ ക്രെഡിറ്റ് സ്കോറോ ക്രമമല്ലാത്ത വരുമാനമോ ഉള്ളവര്‍ക്ക് വ്യക്തിഗത വായ്പകള്‍ ലഭിക്കാന്‍ പ്രയാസമായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ സ്വര്‍ണ വായ്പകള്‍ എളുപ്പത്തിലും കുറഞ്ഞ ചെലവിലും ലഭ്യമാകും.
പാരമ്പര്യമായി ലഭിച്ചതോ വൈകാരിക മൂല്യമുള്ളതോ ആയ സ്വര്‍ണം വില്‍ക്കാതെ തന്നെ ലിക്വിഡിറ്റി കണ്ടെത്താന്‍ ഇത് സഹായിക്കുന്നു.
പ്രവര്‍ത്തന മൂലധനത്തിനും സ്റ്റോക്ക് എടുക്കാനും ഫ്രീലാന്‍സര്‍മാര്‍ക്കും കുടുംബം നടത്തുന്ന ബിസിനസുകള്‍ക്കും ഇത് താല്‍ക്കാലിക ആശ്വാസമാകും.
Content Highlights: Gold loans can provide quick and affordable access to funds, but using them for luxury purchases or routine expenses without a clear repayment plan can put your pledged gold at risk