
കൊച്ചി: സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ജയറാം. അയ്യപ്പന്‍ തന്ന നിയോഗമാണെന്ന് കരുതിയാണ് പൂജ ചെയ്തതെന്ന് ജയറാം വ്യക്തമാക്കി. ഇത്രയും വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്നും നടന്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ജയറാം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കോഫി വിത്ത് അരുണിലായിരുന്നു ജയറാമിന്റെ പ്രതികരണം.
'ഓര്‍മ വെച്ച കാലം മുതല്‍ അയ്യപ്പനെ കാണാന്‍ പോകുന്നതാണ്. പെട്ടെന്ന് വിളിച്ച് എന്റെ സ്വപ്‌നത്തില്‍ ജയറാം വന്ന് പൂജ ചെയ്യുന്നത് കണ്ടെന്ന് പോറ്റി വിളിച്ച് പറഞ്ഞപ്പോള്‍ അയ്യപ്പന്‍ തന്ന നിയോഗമാണെന്ന് വിചാരിച്ചാണ് ചെയ്തത്. അയ്യപ്പന്‍ തന്ന അനുഗ്രഹമാണെന്ന് കരുതി. പക്ഷേ ഇത്രയും വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ല. ദേവസ്വം വിജിലന്‍സ് വിളിച്ച് കാര്യങ്ങള്‍ ചോദിച്ചു. എപ്പോള്‍ വേണമെങ്കിലും എന്തിന് വേണമെങ്കിലും വിളിച്ചോളൂവെന്ന് പറഞ്ഞു. അയ്യപ്പന്റെ കാര്യമല്ലേ, നമ്മള്‍ കൂടെ നില്‍ക്കണ്ടേ', ജയറാം പ്രതികരിച്ചു.
ജയറാമില്‍ നിന്ന് വിശദമായി മൊഴിയെടുക്കാനാണ് ദേവസ്വം വിജിലന്‍സിന്റെ തീരുമാനം. ഇപ്പോള്‍ രേഖപ്പെടുത്തിയത് പ്രാഥമിക മൊഴിയാണെന്നും വിജിലന്‍സ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ക്ക് പിന്നാലെയാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി തള്ളി.
മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തന്നെ തെറ്റുകാരനാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കട്ടിളപ്പാളികള്‍ പ്രദര്‍ശന വസ്തുവാക്കിയതല്ല. പീഠത്തില്‍ സംഭവിച്ചത് ആശയക്കുഴപ്പമാണ്. കാണാതായെന്ന് പറഞ്ഞത് വാസുദേവനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്‌പോണ്‍സര്‍ ചെയ്തിരുന്നുവെന്നുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ പൂജാ ചടങ്ങുകളിലാണ് നടന്‍ ജയറാം പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
Content Highlights: Jayaram about Sabarimala gold plate controversy