
ഫോട്ടോഷോപ്പിൻ്റെ ബീറ്റ പതിപ്പിൽ ജനറേറ്റീവ് ഫിൽ ടൂളിലേക്ക് ഗൂഗിളിന്റെ ജെമിനി 2.5 ഫ്ലാഷ് ഇമേജ് (നാനോ ബനാന), ബ്ലാക്ക് ഫോറസ്റ്റ് ലാബ്സിന്റെ FLUX.1 കോണ്ടെക്സ്റ്റ് (പ്രോ) എന്നിവ ചേർക്കുന്നതായി പ്രഖ്യാപിച്ച് അഡോബ്. ഫോട്ടോഷോപ്പിനോട് സംയോജിപ്പിക്കുന്ന ആദ്യത്തെ അഡോബ് ഇതര AI മോഡലുകളാണ് ഇവയെന്നതും ശ്രദ്ധേയമാണ്. അഡോബിന്റെ സ്വന്തം ഫയർഫ്ലൈ ഇമേജ് മോഡലുകൾക്ക് പുറമേയാണ് ഈ ഇമേജ് ജനറേഷൻ AI മോഡലുകൾ ഫോട്ടോഷോപ്പിൻ്റെ ഭാഗമാകുന്നത്. ഈ നിലയിൽ ഒന്നിലധികം ജനറേറ്റീവ് ഇമേജ് എഞ്ചിനുകൾ ഫോട്ടോഷോപ്പിൽ എഡിറ്റിംഗ് ആവശ്യങ്ങൾക്കായി ലഭ്യമാകുന്നത് ഉപയോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ അവസരം നൽകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നാനോ ബനാനയും (ജെമിനി 2.5 ഫ്ലാഷ് ഇമേജ്), FLUX.1 കോണ്ടെക്സ്റ്റും (പ്രോ) ഫോട്ടോഷോപ്പ് ബീറ്റയിൽ ലഭ്യമാണെന്ന് കഴിഞ്ഞ ദിവസമാണ് അഡോബ് അറിയിച്ചത്. ജെമിനി 2.5 ഫ്ലാഷ് ഇമേജ് നേരത്തെ അഡോബ് എക്സ്പ്രസിലേക്ക് ചേർത്തിട്ടുണ്ടെന്നും അഡോബ് വ്യക്തമാക്കിയിരുന്നു. Stylised Elements, Graphic Details, 'സാങ്കൽപ്പിക രംഗങ്ങളുടെ കൂട്ടിച്ചേർക്കലുകൾ' എന്നി ഉദ്ദേശിച്ചുള്ളതാണ് ഗൂഗിൾ നാനോ ബനാന എന്ന് വിളിക്കുന്ന ജെമിനി 2.5 ഫ്ലാഷ് ഇമേജ് മോഡലിൻ്റെ ഫോട്ടോഷോപ്പിലേയ്ക്കുള്ള കൂട്ടിച്ചേർക്കൽ എന്നാണ് അഡോബ് ചൂണ്ടിക്കാണിക്കുന്നത്. ഇമേജുകൾ കൂട്ടിച്ചേർക്കുമ്പോഴോ മാറ്റം വരുത്തുമ്പോഴോ കൂടുതൽ മനോഹാരിത ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായിഫോട്ടോഷോപ്പിന്റെ ജനറേറ്റീവ് ഫില്ലിനുള്ളിലെ ഒരു ഓപ്ഷനായിട്ടാണ് നാനോ ബനാനയെ കൂട്ടിച്ചേർത്തിരിക്കുന്നതെന്നാണ് അഡോബ് വ്യക്തമാക്കുന്നത്.
മൾട്ടി-മോഡൽ ഓപ്ഷൻ ജനറേറ്റീവ് ഫില്ലിനുള്ളിൽ നേരിട്ട് ലഭ്യമാണെന്നും അതുവഴി ഉപയോക്താക്കൾക്ക് തിരഞ്ഞെടുത്ത മോഡൽ ഉപയോഗിച്ച് ഉള്ളടക്കം സൃഷ്ടിക്കാനും തുടർന്ന് ലെയറുകൾ, മാസ്കുകൾ, സെലക്ഷനുകൾ പോലുള്ള ഫോട്ടോഷോപ്പിന്റെ നിലവിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ആപ്പിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ ആവശ്യമുള്ള മാറ്റങ്ങൾ വരുത്താനും കഴിയുമെന്നാണ് അഡോബ് വ്യക്തമാക്കുന്നത്. ഫോട്ടോഷോപ്പിനുള്ളിൽ പ്രോംപ്റ്റ് അധിഷ്ഠിത എഡിറ്റുകളും തുടർന്ന് പിക്സൽ ലെവൽ പരിഷ്കരണവും നടത്തുന്നതിനെക്കുറിച്ച് അഡോബ് വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
നിലവിൽ വരുത്തിയിരിക്കുന്ന കൂട്ടിച്ചേർക്കലുകളിലൂടെ ഫോട്ടോഷോപ്പ് അതിന്റെ ഉപയോക്താക്കൾക്ക് കൂടുതൽ ചോയ്‌സുകളാണ് നൽകിയിരിക്കുന്നതെന്നാണ് അഡോബ് അവകാശപ്പെടുന്നത്. നാനോ ബനാനയെ അഡോബ് ഫോട്ടോഷോപ്പുമായി ബന്ധിപ്പിക്കുന്നതിലൂടെ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ജെമിനിക്ക് അടുത്തിടെ കിട്ടിയ സ്വീകാര്യത ഉയര്‍ന്നേക്കാം എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നാനോ ബനാനയെയും മറ്റ് പങ്കാളി മോഡലുകളെയും കൂട്ടിച്ചേർക്കുന്നതിലൂടെ ദൈനംദിന ഫോട്ടോഷോപ്പ് ഉപയോക്താക്കളുടെ സൃഷ്ടിപരമായ ജോലികള്‍ കൂടുതൽ എളുപ്പമാകുമെന്നും കണക്കാക്കപ്പെടുന്നുണ്ട്.
Content Highlights: Adobe's Photoshop adds Google's Nano Banana, other AI models in beta update