
കോട്ടയം: സമദൂര നിലപാടിൽ മാറ്റമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശബരിമല നിലപാടിൽ രാഷ്ട്രീയ വിഷയവുമായി ഒരു ബന്ധവുമില്ല. ഇത് മന്നത്ത് പത്മനാഭൻ സ്വീകരിച്ച നിലപാടാണ് അത് തുടരുന്നുവെന്നേയുള്ളൂവെന്നും കോട്ടയം പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന പൊതുയോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല വിഷയത്തിൽ ഞങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യമില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കൊപ്പവും തങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. സമദൂരത്തിൽ ശരിദൂരമുണ്ട്. അതാണ് ഇപ്പോൾ കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്, ബിജെപി നേതാക്കളെ താൻ ഇങ്ങോട്ട് വിളിച്ചിട്ടില്ല. ഈ വിഷയം പറയാൻ കോൺഗ്രസിന്റേയോ ബിജെപിയുടേയോ നേതാക്കൾ വരേണ്ടതില്ല. സൗഹൃദ സന്ദർശനത്തിനായി വരാമെന്നും സുകുമാരൻ നായർ പറഞ്ഞു.
ശബരിമലവിഷയത്തിലെ നിലപാടിൽ യാതൊരു മാറ്റവുമില്ല. അത് ഇന്നത്തെ പൊതുയോഗത്തിൽ അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. പ്രതിനിധിസഭ ഇക്കാര്യം അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സുകുമാരൻ നായർക്ക് പൊതുയോഗം പൂർണപിന്തുണ അറിയിച്ചതായി അംഗങ്ങളും വ്യക്തമാക്കി.
തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലായൊന്നും പറയാനില്ലെന്നും യോഗത്തിന് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വളരെ വ്യക്തമായാണ് ഞാൻ എന്റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞത്. പ്രതിഷേധിക്കുന്നവർ പ്രതിഷേധിച്ചോട്ടെ. ഏത് പ്രതിഷേധത്തേയും ഞങ്ങൾ നേരിട്ടുകൊള്ളാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശബരിമല വിഷയത്തിൽ എൻഎസ്എസ് എൽഡിഎഫിനൊപ്പമാണെന്ന ജി സുകുമാരൻ നായരുടെ പ്രസ്താവനയാണ് വിവാദങ്ങൾക്കിടയാക്കിയത്. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോൺഗ്രസിനെ വിമർശിച്ച സുകുമാരൻ നായർ കോൺഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.
Content Highlights: NSS General Secretary G Sukumaran Nair says there is no change in the stance of equidistance