
ഫാസ്റ്റ്ചാർജിങ് എന്നത് ഇക്കാലത്ത് എല്ലാവരുടെയും ഒരു ആവശ്യമാണ്. നിരന്തരം യാത്ര ചെയ്യന്നവരും ഫോൺ ഉപയോഗിക്കുന്നവരുമാണ് നമ്മൾ എന്നതിനാൽ ഫോണിൽ ചാർജ് ഉണ്ടാകേണ്ടതും വേഗത്തിൽ ചാർജ് ചെയ്യുക എന്നതും പ്രധാനമാണ്. ഒരു ഘട്ടത്തിൽ യുഎസ്ബി പവർ ഡെലിവറിയെപ്പറ്റി വലിയ ചർച്ചകൾ നടന്നിരുന്നെങ്കിലും, പല ഫോൺ കമ്പനികളും അവരുടേതായ ചാർജിങ് രീതികൾക്കായി അവ വേണ്ടെന്ന് വെക്കുകയായിരുന്നു. നിരവധി ആൻഡ്രോയ്ഡ് ഫോണുകൾ 100W മുതൽ 120W വരെ ചാർജിങ് സ്പീഡ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, അതിനനുസരിച്ചുള്ള ചാർജറുകൾ ഇല്ലാത്തതും പ്രതിസന്ധിയായിരുന്നു. എന്നാൽ ആ പ്രശ്നങ്ങളെല്ലാം തീരാൻ പോകുകയാണ്. 100W യുഎസ്ബി പിഡി പിപിഎസ് ചാർജിങ് ഉള്ള ആൻഡ്രോയ്ഡ് ഫോണുകൾ വരാൻ പോകുകയാണ്.
ഷവോമിയാണ് ഈ ഫോണുകൾ പുറത്തിറക്കാനൊരുങ്ങുന്നത്. ഷവോമിയുടെ 17 സീരീസ് 100W പിപിഎസ് ചാർജിങ് സൗകര്യം ഉള്ളതാകും എന്നാണ് പറയപ്പെടുന്നത്. ഷവോമിയുടേത് ആയതും അല്ലാത്തതുമായ ചാർജറുകളിലും ഫോണിനെ ഇതേ വേഗതയിൽ ചാർജ് ചെയ്യാനാകും എന്നാണ് ഷവോമിയുടെ അവകാശവാദം.
ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളെ സംബന്ധിച്ച് ഇത് വലിയ ഒരു കാൽവെപ്പായാണ് കണക്കാക്കപ്പെടുന്നത്. നേരത്തെ ഷവോമിയുടെ 15 പ്രൊ 90W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള മോഡലായിരുന്നു. എന്നാൽ യുഎസ്ബി പിഡി ചാർജറുകൾ ഉപയോഗിക്കുമ്പോൾ അവ 27W വരെ കുറഞ്ഞിരുന്നു. ഷവോമിയുടെ ചാർജറുകളിൽ ചാർജ് ചെയ്‌താൽ മാത്രമേ ഫാസ്റ്റ് ചാർജിങ് ഉണ്ടാകുകയുള്ളൂ എന്ന അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ ഷവോമി 17 സീരീസിൽ ഈ പ്രശ്നം മാറും.
7000mAh ബാറ്ററി ആകും ഷവോമി 17ൽ ഉണ്ടാകുക. ഷവോമി 17 പ്രൊയിൽ 6300mAh ബാറ്ററി ആകും ഉണ്ടാകുക. ഷവോമി പ്രൊ മാക്‌സിൽ 7500mAh ബാറ്ററിയും ഉണ്ടാകും. ഷവോമി 17 പ്രൊ, പ്രൊ മാക്സ് എന്നിവ 100w ഫാസ്റ്റ് ചാർജിങ് സൗകര്യത്തിലാകും എത്തുക. ഷവോമിയുടെ ഈ ഫാസ്റ്റ് ചാർജിങ് നീക്കം മറ്റ് ചൈനീസ് മോഡലുകളായ ഓപ്പോ, വിവോ, വൺപ്ലസ് എന്നിവരെയും ഇത്തരം രീതിയിലേക്ക് മാറാൻ പ്രേരിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല, സാംസങ്, ആപ്പിൾ, ഗൂഗിൾ എന്നിവരെയും ഫാസ്റ്റ് ചാർജിങ് ഉണ്ടാകാൻ നിർബന്ധിതരാക്കിയേക്കും.
Content Highlights: xiaomi flagships with fast charging coming