
H-1B, H-4 വിസകള്‍ കൈവശമുള്ള ജീവനക്കാരോട് അമേരിക്കയില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ച് ആമസോണ്‍. H-1B വിസ അപേക്ഷകള്‍ക്ക് 100,000 ഡോളര്‍ ഫീസ് ചുമത്തുന്ന പ്രഖ്യാപനത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവച്ചതിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു നിര്‍ദേശവുമായി ആമസോണ്‍ രംഗത്തെത്തിയത്. മൈക്രോസോഫ്റ്റും ജെപി മോര്‍ഗനും സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 21 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. H-1B വിസ ഉടമകള്‍ രാജ്യത്ത് തന്നെ തുടരാനും അന്താരാഷ്ട്ര യാത്ര ഒഴിവാക്കാനും ജെപി മോര്‍ഗന്റെ ഇമിഗ്രേഷന്‍ കൗണ്‍സിലര്‍ നിര്‍ദ്ദേശിച്ചു. H-1B, H-4 വിസ ഉടമകള്‍ സമയപരിധിക്ക് മുമ്പ് യുഎസിലേക്ക് എത്തണമെന്ന് മൈക്രോസോഫ്റ്റും മുന്നറിയിപ്പ് നല്‍കി.
കുടിയേറ്റം നിയന്ത്രിക്കുന്നതിനാണ് പുതിയ തീരുമാനമെന്നാണ് ട്രംപിന്റെ വിശദീകരണം. വെള്ളിയാഴ്ച്ചയാണ് ഫീസ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വൈറ്റ് ഹൗസ് നടത്തിയത്. ഇത് യുഎസില്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന്റെ അടിസ്ഥാന ഘടന തന്നെ മാറ്റി മറിക്കുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
അമേരിക്കയില്‍ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് പുതിയ തീരുമാനം. ഒരു ലക്ഷം ഡോളര്‍ (ഏകദേശം 88 ലക്ഷം രൂപ)ആയാണ് ഭരണകൂടം ഒറ്റയടിക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ജോലി തേടി യുഎസിലേക്ക് പോകുന്ന ഐടി ജീവനക്കാരെയാണ് പ്രഖ്യാപനം ഏറ്റവും പ്രതികൂലമായി ബാധിക്കുക. അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും യുഎസ് ട്രഷറിയുടെ വരുമാനം ഉയര്‍ത്തുന്നതിനുമാണ് എച്ച്-1 ബി വിസ ഫീസ് ഉയര്‍ത്തിയതെന്ന് ട്രംപ് പറഞ്ഞു.
ഉയര്‍ന്ന വരുമാനമുള്ളവരെയും പണക്കാരെയും രാജ്യത്തേക്ക് എത്തിക്കുകയാണ് ഫീസ് ഉയര്‍ത്തിയതിന്റെ പ്രധാന ഉദ്ദേശം. കുറഞ്ഞ ഫീസ് ചുമത്തിയിരുന്നതിനാല്‍ അമേരിക്കയിലെ പല ചെറിയ തസ്തികകളില്‍ പോലും തദ്ദേശീയര്‍ക്ക് ജോലി ലഭിക്കാത്ത സാഹചര്യങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങളുണ്ടാകാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് ഫീസ് വര്‍ധന പ്രഖ്യാപനം നടത്തിയ അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് പറഞ്ഞു.
നിലവില്‍ ഈടാക്കുന്ന വെറ്റിങ് ചാര്‍ജുകള്‍ക്ക് പുറമെയാണ് ഈ ഫീസും ഈടാക്കുക. വിസ പുതുക്കുവാനും ഇതേ തുക നല്‍കേണ്ടതായുണ്ട്. ഫീസ് മുന്‍കൂറായി ഈടാക്കണോ, അതോ വാര്‍ഷിക തലത്തില്‍ കൈപ്പറ്റണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ശമ്പളമോ മറ്റ് മാനദണ്ഡങ്ങളോ പരിഗണിക്കാതെ എല്ലാവര്‍ക്കും ഫീസ് ബാധകമാണ്. പരിശീലനത്തിനും കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനുമായി രാജ്യത്തെത്തുന്ന പരിചയക്കുറവുള്ള വിദേശീയരുടെ കടന്നുവരവ് ഇതോടെ നിലയ്ക്കുമെന്നാണ് ട്രംപ് ഭരണകൂടം കരുതുന്നത്. ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ കമ്പനികളെ ഈ മാറ്റം പ്രതികൂലമായി ബാധിക്കും. മുന്‍പ് ക്ലയ്ന്റ് പ്രോജക്ടുകള്‍ക്കും പരിശീലനങ്ങള്‍ക്കുമെല്ലാമായി നിരവധിയാളുകളെ ഈ കമ്പനികള്‍ അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്നു.
Content Highlights: Amazon Microsoft employer of h 1b visa holders sends caution