
ഓസ്കർ അവാർഡിനുള്ള ഇന്ത്യൻ എൻട്രിക്കായി തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ കണ്ട് ഞെട്ടി സിനിമാപ്രേമികളും പ്രേക്ഷകരും. 24 ചിത്രങ്ങളുടെ ലിസ്റ്റിൽ നിന്നും തെരഞ്ഞെടുത്തത് 'ഹോംബൗണ്ട്' എന്ന ചിത്രമായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച ഫിലിം ഫെഡറേഷൻ പുറത്തുവിട്ട എൻട്രി ചിത്രങ്ങളുടെ ലിസ്റ്റാണ്.
പുഷ്പ 2 , കണ്ണപ്പ, കേസരി 2, ബംഗാൾ ഫയൽസ് എന്നീ ചിത്രങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് ഓസ്കർ എൻട്രിക്കായി തെരഞ്ഞെടുത്തത് എന്നായിരുന്നു പലരുടെയും ചോദ്യം. ലിസ്റ്റിൽ ഒരു മലയാള ചിത്രം പോലുമില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. മലയാള ചിത്രങ്ങൾ ബോധപൂർവ്വം ഒഴിവാക്കിയതാണോ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
#FilmFederationOfIndia #Oscars2026 pic.twitter.com/1TxCe9ow0j
— Fukkard (@Fukkard) September 20, 2025
കുബേര, ഫുലെ തുടങ്ങി ബോക്സ് ഓഫീസിൽ വാൻ വിജയങ്ങൾ നേടിയ ചിത്രങ്ങളടക്കം സെലക്ഷന്‍ കമ്മിറ്റിയുടെ മുമ്പാകെ എത്തിയിരുന്നു. മലയാളിയായ രാജീവ് അഞ്ചല്‍ ഉള്‍പ്പെടെ 14 പേരായിരുന്നു സെലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. ഷൂജിത് സർക്കാർ സംവിധാനം ചെയ്ത ഐ വാണ്ട് ടു ടോക്ക്, മറാത്തി ചിത്രം ആതാ തമ്പാച്ചേ ന്യായ്, ഹിന്ദി ചിത്രം ഫുലേ എന്നീ ചിത്രങ്ങളും ജൂറിക്ക് പരിഗണിക്കാമായിരുന്നുവെന്നും ചില സിനിമ പ്രേമികൾ അഭിപ്രായപ്പെട്ടു.
അതേസമയം, ഓസ്കറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'ഹോംബൗണ്ട്' കാനിലും ടൊറൊന്റോ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കപ്പെട്ട് വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. സെപ്റ്റംബർ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. നോർത്തിന്ത്യയിൽ നിന്നുള്ള രണ്ട് സുഹൃത്തുക്കൾ പൊലീസിൽ ചേരാനുള്ള ആഗ്രഹം നിറവേറ്റാനായി മുന്നിട്ടിറങ്ങുകയും, അതുവഴി സമൂഹത്തിൽ നിന്നും തങ്ങൾക്ക് ഇതുവരെ ലഭിക്കാത്ത ബഹുമാനം നേടാൻ കഴിയുമെന്നുമാണ് അവർ കരുതുന്നത്. എന്നാൽ ഈ യാത്രയിൽ ഇരുവരും നേരിടുന്ന പ്രതിസന്ധികളാണ് 'ഹോംബൗണ്ട്' എന്ന ചിത്രത്തിന്റെ പ്രമേയം.
Content Highlights: Film Federation of India releases list of oscar entries from India