
ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കി ഐടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). 2 ശതമാനം ജീവനക്കാരെ എങ്കിലും ഈ സാമ്പത്തിക വര്‍ഷം പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചു. ഈ നടപടി പ്രധാനമായും ബാധിക്കുന്നത് മിഡില്‍, സീനിയര്‍ മാനേജ്‌മെന്റ് ലെവല്‍ ഉദ്യോഗസ്ഥരെ ആയിരിക്കും. ഏകദേശം 12,200 തൊഴിലവസരങ്ങളാണ് ഇതിലൂടെ ഇല്ലാതാകുന്നത്.
എഐയുടെ കടന്നുവരവ് പുതിയ വിപണികളിലേക്കുള്ള കമ്പനിയുടെ പ്രവേശനം തുടങ്ങിയ കാരണങ്ങളാണ് പിരിച്ചു വിടലിനായി കമ്പനി പ്രധാനമായും കാണിക്കുന്നത്. ജോലിയുടെ രീതി മാറുമ്പോള്‍ ഇത്തരത്തിലുള്ള പിരിച്ചുവിടലുകള്‍ അത്യാവശ്യമാണെന്നാണ് കമ്പനിയുടെ വാദം. 6,13,000 ജീവനക്കാരുണ്ട് നിലവില്‍ ടിസിഎസില്‍.
'ഏറ്റവും കഠിനമായ തീരുമാനങ്ങളിലൊന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രവര്‍ത്തന രീതിയിലെ മാറ്റം എന്നിവ ടിസിഎസ് പരിഗണിച്ച് വരികയാണ്. വിപണിയുടെയും ജോലിയുടേയും രീതികള്‍ മാറുമ്പോള്‍ അതുമായി മുന്നോട്ട് പോകാന്‍ കമ്പനി സജ്ജമാകേണ്ടതുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നടപടികള്‍ പുരോഗമിക്കുകയാണ്. ജീവനക്കാരെ സാധ്യമായ രീതിയില്‍ പുനര്‍വിന്യസിച്ച് കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ പുനര്‍വിന്യാസം ഫലപ്രദമല്ലാത്ത ചില തസ്തികകളുണ്ട്. കമ്പനിയുടെ ആഗോള ജീവനക്കാരുടെ ഏകദേശം 2 ശതമാനം ഇതില്‍ ഉള്‍പ്പെടും'-സിഇഒ കെ. കൃതിവാസന്‍ പറഞ്ഞു.
Content Highlights: TCS to cut workforce by 2%, affecting more than 12,000 jobs