ചാറ്റ്ജിപിടി സഹനിർമാതാവിനെ 'ചാടിച്ച്' സക്കർബർഗ്; ആരാണ് മെറ്റയുടെ സൂപ്പർ ഇന്റലിജൻസ് മേധാവിയാകുന്ന ഷാവോ?

ഗൂഗിൾ, ഓപ്പൺഎഐ, ആപ്പിൾ, ആന്ത്രോപിക് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പേരാണ് സമീപകാലത്ത് മെറ്റയിൽ ജോയിൻ ചെയ്തത്

dot image

ടെക് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടായിരുന്നു മെറ്റയുടെ പുതിയ സൂപ്പർ ഇന്റലിജൻസ് മേധാവിയെ പ്രഖ്യാപിച്ചത്. മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്‌സിന്റെ ചീഫ് സയന്റിസ്റ്റായി ഷെങ്ജിയ ഷാവോയെ ആണ് മെറ്റ മേധാവി മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചത്. മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്‌സിന്റെ സഹസ്ഥാപകകൻ എന്നാണ് സക്കർബർഗ് ഷെങ്ജിയയെ വിശേഷിപ്പിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഓപ്പൺ എഐയുടെ പ്രധാന സംഭാവനകളായ ChatGPT, GPT-4, GPT-4.1, o3 എന്നിവയുൾപ്പെടെ നിരവധി മോഡലുകൾ സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഷെങ്ജിയ ഷാവോ. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടിയ ഷാവോ AI രംഗത്തെ മികച്ച ശാസ്ത്രജ്ഞരിൽ ഒരാളാണ്.

മെറ്റയുടെ എഐ ടാലന്റ് അക്വിസിഷനിന്‍റെ ഭാഗമായി ഇതിനോടകം നിരവധി പേരെ കമ്പനി നിയമിച്ചിരുന്നു. ഇതിനായി വൻ തോതിലുള്ള നിക്ഷേപം ആണ് മെറ്റ നടത്തുന്നത്. ഗൂഗിൾ, ഓപ്പൺഎഐ, ആപ്പിൾ, ആന്ത്രോപിക് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പേരാണ് സമീപകാലത്ത് മെറ്റയിൽ ജോയിൻ ചെയ്തത്.

മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്സിന്റെ സഹസ്ഥാപകനെന്ന് ഷാവോയെ വിശേഷിപ്പിച്ച സക്കർബർഗ് 'ആദ്യ ദിവസം മുതൽ തന്നെ ഇതിലെ പ്രധാന ശാസ്ത്രജ്ഞൻ' എന്നും ഷാവോയെ വിശേഷിപ്പിച്ചിരുന്നു. നേരിട്ട് സക്കർബർഗിനും ഇപ്പോൾ മെറ്റയുടെ ചീഫ് എഐ ഓഫീസറായ സ്‌കെയിൽ എഐയുടെ മുൻ സിഇഒ അലക്‌സാണ്ടർ വാങിനുമാണ് ഷെങ്ജിയ ഷാവോ റിപ്പോർട്ട് ചെയ്യുക.

'പുതിയ സ്‌കെയിലിംഗ് മാതൃക ഉൾപ്പെടെ നിരവധി മുന്നേറ്റങ്ങൾക്ക് ഷെങ്ജിയ ഇതിനകം തുടക്കമിട്ടിട്ടുണ്ട്' എന്നാണ് ഷെങ്ജിയ ഷാവോയുടെ നിയമനത്തെ കുറിച്ച് സക്കർബർഗ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞത്. 'അടുത്ത കുറച്ച് വർഷങ്ങൾ വളരെ ആവേശകരമായിരിക്കും!' എന്നും സക്കർബർഗ് തന്റെ പോസ്റ്റിൽ പറഞ്ഞിരുന്നു. നേരത്തെ യുഎസിൽ വലിയ എഐ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായി കമ്പനി നൂറുകണക്കിന് ബില്യൺ ഡോളർ ചെലവഴിക്കുമെന്നും സക്കർബർഗ് പ്രഖ്യാപിച്ചിരുന്നു.

Content Highlights: Who is Shengjia Zhao, the head of Meta's superintelligence?

dot image
To advertise here,contact us
dot image