
ലോകത്തെ മുൻനിര എഐ കമ്പനികളിലൊന്നായ പെർപ്ലെക്സിറ്റിയുടെ ഏറ്റവും പുതിയ എ.ഐ ബ്രൗസറായ കോമറ്റ് (Comet) ലോക തൊഴിൽ ഭൂപടത്തിൽ സൃഷ്ടിക്കാൻ പോകുന്ന വൻ മാറ്റങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് പെർപ്ലെക്സിറ്റിയുടെ സഹ സ്ഥാപകനും സി.ഇ.ഒയുമായ അരവിന്ദ് ശ്രീനിവാസൻ.
സുന്ദർ പിച്ചെക്കും സത്യ നദെല്ലക്കും ശേഷം ആഗോള ടെക് രംഗത്തെ എണ്ണം പറഞ്ഞ പേരുകാരിലൊരാളായ അരവിന്ദ് ചെന്നൈയിൽനിന്ന് യു.എസിലേക്ക് കുടിയേറിയ ആളാണ്.
എക്‌സിക്യൂട്ടിവ് അസിസ്റ്റന്റ്, റിക്രൂട്ടർ എന്നു തുടങ്ങി നിരവധി വൈറ്റ് കോളർ ജോലികൾ കോമറ്റിന്റെ അവതരണത്തോടെ ഇല്ലാതാകുമെന്ന് അരവിന്ദ് മുന്നറിയിപ്പ് നൽകുന്നു. ഓരോ ആറുമാസവും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന എഐ ലോകത്ത് അതിജീവിക്കാനുള്ള ഏക വഴി, എഐയിൽ പഠിച്ചെടുക്കാൻ പറ്റുന്നതിന്റെ പരമാവധി പഠിക്കുകയാണെന്നും അദ്ദേ ഹം പറയുന്നു.
'എഐ ഫലപ്രദമായി ഉപയോഗിക്കാൻ അറിയുന്നവരും അത് അറിയാത്തവരും എന്ന രീതിയിൽ ലോകം വിഭജിക്കപ്പെടുകയാണ്. ചെയ്യുന്ന ജോലിയിലും പഠിക്കുന്ന കാര്യങ്ങളിലും എഐ പരമാവധി ഉപയോഗിക്കാൻ അറിയുന്നവരായിരിക്കും അതറിയാത്തവരെക്കാൾ ജോലിക്ക് അനുയോ ജ്യരായവരെന്ന് കമ്പനികൾ തീരുമാനിച്ചു തുടങ്ങി.
ഇൻസ്റ്റഗ്രാമിൽ അനന്തമായി സ്‌ക്രോൾ ചെയ്യുന്ന ശീലം കുറച്ചിട്ട്, ആ സമയം കൊണ്ട് പറ്റാവുന്ന അത്ര എഐ ടൂളുകൾ പഠിക്കുക. ചെയ്യുന്ന ജോലിക്കുവേണ്ടി മാത്രമുള്ളതല്ല, ജോലി ചെയ്യുന്ന കമ്പനിക്കു വേണ്ടിയുമല്ല. മറിച്ച്, അതാണ് നിങ്ങൾക്ക് മുന്നിലുള്ള വഴി എന്ന് മനസിലാക്കി പഠിക്കുക.'' അരവിന്ദ് പറഞ്ഞു.
Content Highlights- Co Owner of Perplex Ai talks says to learn AI instead of scrolling