ഇനി കടുവാ പേടി വേണ്ട എഐ നോക്കിക്കൊള്ളും; സംവിധാനവുമായി മഹാരാഷ്ട്ര

രാത്രി ഏഴു മണിക്കും രാവിലെ ഏഴു മണിക്കും ഇടയില്‍ വന മേഖലയിലേക്ക് കടക്കരുതെന്ന് നിർദേശം

dot image

കടുവകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് സ്ഥിരം സംഭവമാകുന്നുണ്ട്. കടുവാ ആക്രമണത്തില്‍ നാല്‍ക്കാലികള്‍ക്കും മനുഷ്യര്‍ക്കും ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങളും തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ ജനജീവിതം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി നടപ്പാക്കിയിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സിസ്റ്റമാണിത്. എഐ കടുവകളുടെ ചലനം മനസിലാക്കും. തുടര്‍ന്ന് ലൗഡ് സ്പീക്കറിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ തഡോബ - അന്താരി ടൈഗര്‍ റിസര്‍വിലെ ഇരുപതോളം ഗ്രാമങ്ങളില്‍ സ്ഥാപിച്ചതായി മഹാരാഷ്ട്ര വനം മന്ത്രി ഗണേഷ് നായിക് അറിയിച്ചു.

കടുവാസങ്കേതം സ്ഥിതി ചെയ്യുന്ന കിഴക്കന്‍ മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയില്‍ കടുവാ ആക്രമണത്തില്‍ 23 പേരാണ് കൊല്ലപ്പെട്ടത്. ഇതേ കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എ അഭിജിത്ത് വനാസാരി നിയമസഭയില്‍ ചോദ്യം ഉന്നയിച്ചതിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഒപ്പം കടുവാ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാന്‍ മന്ത്രി തയ്യാറായിട്ടുണ്ട്. രാത്രി ഏഴു മണിക്കും രാവിലെ ഏഴു മണിക്കും ഇടയില്‍ വന മേഖലയിലേക്ക് കടക്കരുതെന്ന് ഗ്രാമവാസികള്‍ക്ക് മന്ത്രി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കടുവാ സങ്കേതത്തില്‍ നിലവില്‍ നൂറ് കടുവകള്‍ ഉണ്ടെന്നാണ് കണക്ക്. മനുഷ്യരും മൃഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം പട്രോളിംഗ് നടത്തും. ഗ്രാമവാസികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന പ്രൈമറി റെസ്‌പോണ്‍സ് സംഘത്തെയും സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷാ കവചങ്ങള്‍, മുളവടികള്‍ എന്നിവ വനാതിര്‍ത്തിയോട് ചേര്‍ന്ന് കൃഷിയിടങ്ങളുള്ള കര്‍ഷകര്‍ക്കും വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

Content Highlights: AI system to warn movements of Tiger in Maharashtra

dot image
To advertise here,contact us
dot image