ചൈനയില്‍ നിന്ന് എട്ടിന്റെ പണി; ഇന്ത്യയിലെ വാഹന നിര്‍മാണ മേഖലയില്‍ പ്രതിസന്ധി

വാഹന നിര്‍മാണ മേഖലയില്‍ ചൈനയില്‍ നിന്ന ഇന്ത്യക്ക് എട്ടിന്റെ പണി

dot image

ഇന്ത്യയിലെ വാഹന നിര്‍മാണ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് അപൂര്‍വ എര്‍ത്ത് കാന്തങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന. ഇതോടെ ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ കാര്‍ ഉത്പാദനം പൂര്‍ണ്ണമായും നിലയ്ക്കാന്‍ സാധ്യതയുണ്ടെന്ന് കമ്പനി എക്‌സിക്യൂട്ടീവുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇലക്ട്രിക് വാഹന മോട്ടോറുകളില്‍ മാത്രമല്ല, പവര്‍ വിന്‍ഡോകള്‍, ഓഡിയോ സിസ്റ്റങ്ങള്‍ തുടങ്ങിയവിലും ഉപയോഗിക്കുന്ന സുപ്രധാന ഘടകങ്ങളാണ് ഈ കാന്തങ്ങള്‍.

ചൈനയുടെ നിയന്ത്രണങ്ങള്‍ മൂലം ഉല്‍പ്പാദനം നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ടെന്ന് വ്യവസായ മേഖലയിലുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓട്ടോ പാര്‍ട്‌സ് നിര്‍മ്മാതാക്കളുടെ കൈവശമുള്ള അപൂര്‍വ എര്‍ത്ത് മാഗ്‌നറ്റുകളുടെ ഇന്‍വെന്ററി മെയ് അവസാനത്തോടെ തീര്‍ന്നുപോകുമെന്ന് കമ്പനി എക്‌സിക്യൂട്ടീവുകളെയും വ്യവസായ ഗ്രൂപ്പുകളില്‍ നിന്നുള്ള രേഖകളെയും ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയില്‍ വരാനിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി, നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ബെയ്ജിങ്ങിനെ സ്വാധീനിക്കാന്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (SIAM) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മാഗ്‌നറ്റുകളുടെ ആഗോള പ്രോസസ്സിംഗ് ശേഷിയുടെ 90% ത്തിലധികവും ചൈനയാണ് നിയന്ത്രിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ക്കുള്ള പ്രതികരണമായി ഏപ്രിലില്‍ ബെയ്ജിങ് കയറ്റുമതി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു, കമ്പനികള്‍ ചൈനീസ് അധികാരികളില്‍ നിന്ന് ഇറക്കുമതി പെര്‍മിറ്റുകള്‍ നേടണമെന്ന് ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങള്‍ പ്രധാനമായും ഉയര്‍ന്ന പ്രകടനമുള്ള മാഗ്‌നറ്റുകളെയാണ് ലക്ഷ്യമിടുന്നതെങ്കിലും, പുതിയ നിയമങ്ങള്‍ എങ്ങനെ നടപ്പാക്കണം എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം കാരണം ലോ-എന്‍ഡ് മാഗ്‌നറ്റുകളുടെ കയറ്റുമതിയും തടസ്സപ്പെട്ടു. മെയ് 19 ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍, SIAM ഒരു ആഭ്യന്തര രേഖ അവതരിപ്പിച്ചു, 'മെയ് അവസാനമോ ജൂണ്‍ ആദ്യമോ മുതല്‍ വാഹന വ്യവസായ ഉല്‍പാദനം പൂര്‍ണ്ണമായും നിലയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.' യോഗത്തില്‍ മാരുതി സുസുക്കി , മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് എന്നീ കമ്പനികളുടെ എക്‌സിക്യൂട്ടീവുകള്‍ പങ്കെടുത്തു.

ഫോക്സ്വാഗണിന്റെ വിതരണക്കാര്‍ ഉള്‍പ്പെടെയുള്ള ചില ചൈനീസ് മാഗ്‌നറ്റ് ഉല്‍പ്പാദകരുടെ കയറ്റുമതിക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യ-ചൈന ബന്ധങ്ങള്‍ വഷളാകുന്നത് അംഗീകാരങ്ങള്‍ വൈകിപ്പിക്കുമെന്നും വിതരണ തടസ്സം കൂടുതല്‍ വഷളാകുമെന്നും ഭയപ്പെടുന്നതായി മൂന്ന് ഓട്ടോ വ്യവസായ എക്‌സിക്യൂട്ടീവുകള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

Content Highlights: A China move could leave Indian car production dead in its tracks

dot image
To advertise here,contact us
dot image