
പുതിയ ഇലക്ട്രിക് കാറുമായി ഹോണ്ട കാര്‍സ് ഇന്ത്യ എത്തുന്നു. അടുത്ത സാമ്പത്തിക വര്‍ഷം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോണ്ട കാര്‍സ് ഇന്ത്യയുടെ പുതിയ തലവനായി ചുമതലയേറ്റ തകാഷി നകാജിമയാണ് പുതിയ ബാറ്ററി ഇലക്ട്രിക് വാഹനം (bev) സ്ഥിരീകരിച്ചത്. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ഇവി ആയിരിക്കും പുറത്തിറക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാനും യുഎസ്എയ്ക്കും ശേഷം ഇന്ത്യയെ തങ്ങളുടെ മികച്ച മൂന്ന് വിപണികളില്‍ ഒന്നായാണ് ഹോണ്ട കാണുന്നതെന്ന് നകാജിമ സാന്‍ പറഞ്ഞു. ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ കൂടി ഉറപ്പുവരുത്തി പുതിയ വാഹനം പുറത്തിറക്കാനാണ് കമ്പനി പരിപാടിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ഹൈബ്രിഡ് കാറുകള്‍ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്ന് നകാജിമ സാന്‍ വ്യക്തമാക്കി.
1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും പുതിയ ഇലക്ട്രിക് AWD യൂണിറ്റും ഉള്ള ഹോണ്ടയുടെ പുതിയ e-HEV ഹൈബ്രിഡ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ പ്ലാറ്റ്‌ഫോമിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലവില്‍ ഹോണ്ട ഇന്ത്യയില്‍ എലിവേറ്റ്, സിറ്റി, അമേസ്, പഴയ തലമുറ അമേസ് എന്നിവയാണ് വില്‍ക്കുന്നത്. സിറ്റിയില്‍ മാത്രമാണ് ഹൈബ്രിഡ് സജ്ജീകരണം ഉള്ളത്.
ഇന്ത്യയിലെ ലാഭകരമായ ഇലക്ട്രിക് വാഹന മേഖലയിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുമ്പോള്‍ പ്രധാന മോഡല്‍ തന്നെ അവതരിപ്പിച്ച് വരവറിയിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Content Highlights: honda cars india to launch new bev