
ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ല അതിന്റെ ഇന്ത്യൻ പ്രവേശനത്തിന് തയ്യാറെടുക്കുകയാണ്. ടെസ്‌ലയിലേക്ക് ജോലിക്കായി ആളുകളെ ക്ഷണിച്ചുകൊണ്ട് പരസ്യങ്ങൾ നൽകുകയും മുംബൈയിലും ഡൽഹിയിലും കമ്പനിയുടെ ആദ്യ റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ നിർമാണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങുന്നതിനിടെ ടെസ്‌ലയുടെ ഇന്ത്യൻ മേധാവി കമ്പനിയിൽ നിന്ന് രാജിവെച്ചിരിക്കുകയാണിപ്പോൾ.
ടെസ്‌ലയുടെ ഇന്ത്യയിലെ കൺട്രി ഹെഡ് പ്രശാന്ത് മേനോൻ ആണ് കമ്പനിയിൽ നിന്ന് രാജിവെച്ചിരിക്കുന്നത്. ടെസ്‌ലയിൽ 9 വർഷത്തെ സേവനങ്ങൾക്ക് ശേഷമാണ് പ്രശാന്ത് മേനോൻ രാജിവെക്കുന്നത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്നാണ് പ്രശാന്ത് അറിയിച്ചിരിക്കുന്നത്. പ്രശാന്തിന്റെ രാജിയോടെ ടെസ്‌ലയുടെ ചൈനയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ തന്നെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുമെന്നും ഉടനടി പിൻഗാമിയെ പ്രഖ്യാപിക്കില്ലെന്നും ബ്ലുംബെർഗ് റിപ്പോർട്ട് ചെയ്തു.
ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ കൺട്രി ഹെഡും ബോർഡ് ചെയർമാനുമായിരുന്നു പ്രശാന്ത്. ഇന്ത്യയിലേക്ക് ടെസ്‌ലയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതും പ്രശാന്ത് ആയിരുന്നു. 2021 ൽ ആണ് ഇന്ത്യയിൽ ടെസ്‌ലയുടെ ആദ്യത്തെ പ്രാദേശിക ഓഫീസ് സ്ഥാപിച്ചത്. നാല് വർഷത്തിലേറെയായി ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് പ്രശാന്ത് മേനോൻ ആയിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ താരിഫ് നിയമങ്ങൾക്ക് പിന്നാലെ ടെസ്‌ല തിരിച്ചടി നേരിട്ടിരുന്നു. ഇതിനിടെയാണ് പ്രശാന്തിന്റെ രാജി. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഇന്ത്യ നിലവിൽ 110% വരെ തീരുവ ചുമത്തുന്നുണ്ട്. ഇതിനിടെ മസ്‌കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചനടത്തിയതിന് പിന്നാലെ താരിഫിൽ ഇന്ത്യ ഇളവ് നൽകിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം മസ്‌കിന്റെ തന്നെ സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കും ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് നേടുന്നതിനുള്ള ആദ്യ കടമ്പ കമ്പനി കടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlights: Elon Musk's Tesla's India head resigns