Top

മലയാളി പ്രവാസികള്‍ക്കായി 'ഓപ്പറേഷന്‍ ശുഭയാത്ര' നടപ്പാക്കും

ഓപ്പറേഷന്‍ കുബേര മാതൃകയില്‍ നടപ്പാക്കുന്ന പദ്ധതിക്കായുള്ള ആദ്യ യോഗം 14ാം തിയ്യതി മുഖ്യമന്ത്രിയുടെ അധ്യക്ഷയില്‍ ചേരും.

7 Jun 2022 6:32 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

മലയാളി പ്രവാസികള്‍ക്കായി ഓപ്പറേഷന്‍ ശുഭയാത്ര നടപ്പാക്കും
X

ദുബായ് : മലയാളി പ്രവാസികള്‍ക്കായി ഓപ്പറേഷന്‍ ശുഭയാത്ര നടപ്പാക്കുമെന്ന് നോര്‍ക്ക റെസിഡന്റ്‌സ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍. തൊഴില്‍ തട്ടിപ്പും വ്യാജ റിക്രൂട്ട്‌മെന്റും തടയുകയാണ് ഓപ്പറേഷന്‍ ശുഭയാത്രയുടെ ലക്ഷ്യമെന്ന് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.ഓപ്പറേഷന്‍ കുബേര മാതൃകയില്‍ നടപ്പാക്കുന്ന പദ്ധതിക്കായുള്ള ആദ്യ യോഗം 14ാം തിയ്യതി മുഖ്യമന്ത്രിയുടെ അധ്യക്ഷയില്‍ ചേരും. പൊലീസുമായി സഹകരിച്ചാവും പ്രവാസിക്ഷേമത്തിനായുള്ള കര്‍മപദ്ധതി.

യുഎഇയില്‍ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയിലാണ് പി. ശ്രീരാമകൃഷ്ണന്‍ ഈ പ്രഖ്യാപനം നടത്തിയത്. ലോക കേരളസഭയും ലോക മാധ്യമസഭയും നടക്കാനിരിക്കെയാണ് ഓണ്‍ലൈനായി പരിപാടി സംഘടിപ്പിച്ചത്. ഓപ്പറേഷന്‍ ശുഭയാത്രയിലൂടെ വ്യാജ ഏജന്‍സികളിലൂടെ പറ്റിക്കപ്പെടുന്നവർക്ക് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. കൂടാതെ പ്രവാസി ചിട്ടികളും മുടങ്ങിയ അവസ്ഥയിലായതും പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ തുകകള്‍ കെ എസ് എഫ് ഇ വൈകാതെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി മലയാളി പ്രവാസികളുടെ തൊഴിലില്‍ സുരക്ഷ ഉറപ്പുവരുത്താനും ആലോചിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് നോര്‍ക്കയുടെ നേതൃത്യത്തില്‍ നാഷണല്‍ മൈഗ്രേഷന്‍ കോണ്‍ഫ്രന്‍സ് നടത്തുമെന്നും കൊവിഡ് മഹാമാരിയില്‍ തൊഴില്‍ നഷ്ടം വന്നവര്‍ക്ക് സഹായവും സംരഭക സഹായ പദ്ധതികളും സജ്ജീവമാക്കും. നിലവില്‍ കേരളം മാത്രമാണ് നഷ്ടം വന്നവര്‍ക്ക് സഹായം നല്‍കുന്നത്. സാന്ത്വനം സഹായ പദ്ധതിയില്‍ 2000ത്തോളം പേര്‍ക്ക് സഹായം നല്‍കി കഴിഞ്ഞു. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് പരിരക്ഷ പദ്ധതി, ചികിത്സ, ഇന്‍ഷുറന്‍സ്, വീടുകള്‍ക്ക് ഇന്‍ഷുറന്‍സ്, കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം തുടങ്ങിയവയും നല്‍കുന്നുണ്ട്'.ശ്രീരാമകൃഷ്ണന്‍ വിശദീകരിച്ചു.

ലോക കേരളസഭയില്‍ പങ്കെടുക്കാന്‍ നിരവധിയാളുകള്‍ അപേക്ഷിക്കുന്നുണ്ടെന്നും കഴിഞ്ഞ വര്‍ഷം പ്രതിപക്ഷം ബഹിഷ്‌കരിച്ച യോഗമാണിത്. ഇത്തവണ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.കെ.എം. അബ്ബാസ്, അരുണ്‍ രാഘവന്‍, തന്‍സി ഹാഷിര്‍ എന്നിവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിച്ചു.

story highlights: 'Operation Shubhayathra' will be implemented for Malayalee expats

Next Story