Top

'നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കില്ല'; ആര്യന്‍ ഖാന്‍ ജാമ്യഹര്‍ജിയില്‍

ലഹരിവസ്തു വിതരണക്കാരുമായി ആര്യന്‍ വാട്‌സാപ്പില്‍ ചാറ്റ് ചെയ്തതിന് തെളിവ് ഉണ്ടെന്നായിരുന്നു എ.ന്‍.സി.ബി യുടെ വാദമെന്നും എന്നാല്‍ ചാറ്റുകള്‍ക്ക് കേസുമായി ബന്ധമില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു

12 Oct 2021 12:38 PM GMT
ഫിൽമി റിപ്പോർട്ടർ

നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കില്ല; ആര്യന്‍ ഖാന്‍ ജാമ്യഹര്‍ജിയില്‍
X

ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും ജാമ്യഹര്‍ജിയില്‍ അഭിഭാഷകന്‍. എന്‍.സി.ബി കേസില്‍ ആര്യനെ കുടുക്കിയതാണെന്ന് ജാമ്യഹര്‍ജിയില്‍ പറയുന്നു. മതിയായ തെളിവുകള്‍ ഇല്ലാതെയാണ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം പ്രതിയില്‍ കുറ്റം ചുമത്തിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്ത ആളാണ് ആര്യന്‍ ലഹരി മരുന്ന് ഉപയോഗിക്കുന്ന കാര്യത്തില്‍ പങ്കാളിയല്ല. മുംബൈയില്‍ തന്നെ സ്ഥിരതാമസമാക്കിയതിനാല്‍ നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കില്ല. പ്രമുഖ ബോളിവുഡ് താരത്തിന്റെ മകനാണ്. എല്ലാത്തിനും ഉപരി ഉത്തരവാദിത്വമുള്ള ഒരു ഇന്ത്യന്‍ പൗരനും തെറ്റ് പറയാനില്ലാത്ത സല്‍പ്പേരുള്ളവനുമാണ് ആര്യനെന്ന് ഹര്‍ജിയില്‍ പറയുന്നു.

ലഹരിവസ്തു വിതരണക്കാരുമായി ആര്യന്‍ വാട്‌സാപ്പില്‍ ചാറ്റ് ചെയ്തതിന് തെളിവ് ഉണ്ടെന്നായിരുന്നു എ.ന്‍.സി.ബി യുടെ വാദമെന്നും എന്നാല്‍ ചാറ്റുകള്‍ക്ക് കേസുമായി ബന്ധമില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. എന്‍.ഡി.പി.എസ് ആക്ട് പ്രകാരം ജാമ്യമില്ല വകുപ്പുകള്‍ ചുമത്താനുള്ള തെളിവുകള്‍ പ്രതിക്കെതിരേ ഇല്ലെന്നും ഹര്‍ജിയില്‍ പ്രതിപാദിക്കുന്നു.

കേസില്‍ ആര്യന്‍ അറസ്റ്റിലായിട്ട് പത്ത് ദിവസങ്ങള്‍ കഴിഞ്ഞു. പ്രതികള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ആര്യന്റെ അഭിഭാഷകന്‍ വെള്ളിയാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും ഹര്‍ജി തള്ളി. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ജാമ്യം തേടി മുംബൈ പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജാമ്യം പരിഗണിച്ച കോടതി വാദം ബുധനാഴ്‌ത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്.

Next Story