Top

'ഗുരുവായൂരപ്പന്‍ സ്വന്തം ആളാ'; ഥാര്‍ ലേലത്തില്‍ പിടിക്കാന്‍ അമല്‍ നിര്‍ദേശിച്ചത് 21 ലക്ഷം രൂപ വരെ

സുഭാഷ് വഴിയാണ് ഥാര്‍ ലേലത്തിന് വെക്കുന്ന വിവരം അമല്‍ അറിയുന്നത്

18 Dec 2021 12:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുരുവായൂരപ്പന്‍ സ്വന്തം ആളാ; ഥാര്‍ ലേലത്തില്‍ പിടിക്കാന്‍ അമല്‍ നിര്‍ദേശിച്ചത് 21 ലക്ഷം രൂപ വരെ
X

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ സ്വന്തമാക്കാന്‍ അമല്‍ മുഹമ്മദ് അലി 21 ലക്ഷം വരെ ലേലത്തുക നല്‍കാന്‍ തയ്യാറായിരുന്നുവെന്ന് സുഹൃത്ത് സുഭാഷ് പണിക്കര്‍. അമലിന്റെ മകന് 21 വയസ്സായിരുന്നു പ്രായം. ഇക്കാരണത്താലാണ് 21 ലക്ഷം രൂപയ്ക്ക് വരെ ലേലം പിടിക്കാന്‍ അമല്‍ തീരുമാനിച്ചത്. ഗുരുവായൂരപ്പനോടുള്ള ആരാധന തന്നെയാണ് ഥാര്‍ സ്വന്തമാക്കാന്‍ അമലിന് പ്രേരണയായതെന്നും സുഹൃത്ത് പറയുന്നു.

സുഭാഷ് വഴിയാണ് ഥാര്‍ ലേലത്തിന് വെക്കുന്ന വിവരം അമല്‍ അറിയുന്നത്. തുടര്‍ന്നുള്ള കാര്യങ്ങളെല്ലാം അദ്ദേഹം വഴിയാണ് നീക്കിയത്. എറണാകുളം സ്വദേശിയായ അമല്‍ പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപക്കാണ് ലേലം വാങ്ങിയത്. അമല്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. 40000 രൂപ ആദ്യഘട്ടത്തില്‍ ഒടുക്കിവേണമായിരുന്നു ലേലത്തില്‍ പങ്കെടുക്കാന്‍.

ഇക്കഴിഞ്ഞ ഡിസംബര്‍ 4ന് ആയിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡ് പുതിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവ് ദേവസ്വത്തിന് കൈമാറിയത്.

തുടര്‍ന്ന് വാഹനം പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ദീപസ്തംപത്തിന് സമീപം പരസ്യമായി ലേലം ചെയ്തു വില്‍ക്കാനായിരുന്നു തീരുമാനം.15 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഭക്തരില്‍ ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാമെന്ന് ഭരണസമിതി അറിയിച്ചിരുന്നു.മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രോഡക്ട് ഡവലപ്മെന്റ് ആര്‍ വേലുസ്വാമിയാണ് ഡിസംബര്‍ 4 ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ കെബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെപി വിനയന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ ജോസ് സാംസണ്‍, കേരള കസ്റ്റമര്‍ കെയര്‍ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയില്‍സ് മാനേജര്‍ ജഗന്‍കുമാര്‍ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാര്‍, ക്ഷേത്രം മാനേജര്‍ എകെ രാധാകൃഷ്ണന്‍, അസിസ്റ്റന്റ് മാനേജര്‍ രാമകൃഷ്ണന്‍ എന്നിവരും ചടങ്ങിന്റെ ഭാഗമായിരുന്നു.

വാഹന വിപണിയില്‍ തരംഗമാണ ഫോര്‍ വീല്‍ ഡ്രൈവ് വാഹനമാണ് ഥാര്‍. ഈ വാഹനത്തിന്റെ ലിമിറ്റഡ് എഡിഷനായ റെഡ് കളര്‍ ഡീസല്‍ ഒപ്ഷനാണ് കാണിക്കയായി സമര്‍പ്പിക്കപ്പെട്ടത്. 2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്യുവിയെ വിപണിയില്‍ അവതരിപ്പിച്ചത്. 2200 സിസി എന്‍ജിന്‍ വാഹനത്തിന് വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെയാണ് വില. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്‌സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

Next Story