അയോധ്യ-ജാനക്പുർ ട്രെയിൻ സർവീസിന് തുടക്കമായി; ഫ്‌ലാഗ് ഓഫ് നിർവഹിച്ച് മോദിയും നേപ്പാള്‍ പ്രധാനമന്ത്രിയും

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനായി എട്ട് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

അയോധ്യ-ജാനക്പുർ ട്രെയിൻ സർവീസിന് തുടക്കമായി; ഫ്‌ലാഗ് ഓഫ് നിർവഹിച്ച് മോദിയും നേപ്പാള്‍ പ്രധാനമന്ത്രിയും
dot image

ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനായി എട്ട് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച് ഇരുരാജ്യങ്ങളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും തമ്മില്‍ ഡല്‍ഹിയില്‍ വച്ച് നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് കരാറുകള്‍ ഒപ്പിട്ടത്. ബഹിരാകാശ സാങ്കേതികവിദ്യ, സുരക്ഷ, ആരോഗ്യരംഗം, കൃഷി, നഗരവികസനം തുടങ്ങിയ മേഖലകളിലാണ് സഹകരണം ശക്തമാക്കുക.

അയോധ്യയെയും നേപ്പാളിലെ ജനക്പുരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സരയൂ-കമല എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങുകളും ഇരു നേതാക്കളും ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ തീരുമാനങ്ങള്‍ ചര്‍ച്ചയില്‍ കൈക്കൊണ്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് വിവിധ വികസന പദ്ധതികളില്‍ ധാരണയായത്. നേപ്പാള്‍ പ്രധാനമന്ത്രിയായ ശേഷമുള്ള ബാലേന്ദ്ര ഷായുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. നേപ്പാളിന്റെ വികസന യാത്രയില്‍ ഇന്ത്യ എന്നും പങ്കാളിയായിരിക്കുമെന്ന് മോദി പറഞ്ഞു.

modi and balendra shah
മോദിയും ബാലേന്ദ്ര ഷായും

നേപ്പാളിന്റെ പുനര്‍നിര്‍മാണത്തിനും ദീര്‍ഘകാല വികസനത്തിനുമായി 24,000 കോടി നേപ്പാളീസ് രൂപയുടെ (ഏകദേശം 15,000 കോടി ഇന്ത്യന്‍ രൂപ) വികസന സഹായ പാക്കേജും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഓഗസ്റ്റില്‍ നേപ്പാളിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.

അയോധ്യയെയും ജാനക്പുരിനെയും ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന സരയൂ-കമല എക്‌സ്പ്രസ് ട്രെയിന്‍ പദ്ധതി അയോധ്യ തീര്‍ത്ഥാടനത്തിന് നാഴികക്കല്ലാവും. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിന്ന് നേപ്പാളിലെ ജനക്പുര്‍ ധാമിലേക്ക് ഏകദേശം 604 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. യാത്രയ്ക്ക് ഏകദേശം 19 മണിക്കൂര്‍ വേണ്ടിവരും.

നവംബര്‍ 28 മുതല്‍ ആഴ്ചയില്‍ ഒരിക്കല്‍ വീതം ഇരുദിശകളിലേക്കും സ്ഥിരം സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. തീര്‍ഥാടകര്‍ക്ക് ട്രെയിന്‍ മാറാതെ ഇരു തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യാനാകും.

Content Highlights: India and Nepal sign eight agreements, launch the Ayodhya-Janakpur train service, and announce a Rs 15,000 crore development assistance package following the Modi-Balen Shah meeting

dot image
To advertise here,contact us
dot image