

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇൻഡ്യ സഖ്യ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് ബിജെപി. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴെല്ലാം രാഹുല്‍ പുതിയ ഗൂഢാലോചന ആരോപിക്കുന്നു എന്നാണ് വിമര്‍ശനം. ഇൻഡ്യ സഖ്യ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ ഡല്‍ഹിയില്‍ ഇന്ന് ബിജെപിയുടെ പദയാത്ര നടക്കും.
അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ മോക് ഇംപീച്ച്മെന്റ് പരിപാടിക്ക് രണ്ട് വേദികളില്‍ അനുമതി നിഷേധിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. അതിന് പിന്നാലെ, ഒക്ടോബര്‍ 30ന് വൈകിട്ട് 3.30ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഔദ്യോഗിക വസതിയില്‍ പരിപാടി നടത്താനും തീരുമാനമായി. ആദ്യം പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ അശോകില്‍ ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് രാംലീല മൈതാനത്തും പരിപാടി നടത്താന്‍ അനുമതി ലഭിച്ചില്ലെന്നാണ് പാര്‍ട്ടിയുടെ ആരോപണം. ഹോട്ടല്‍ അശോകില്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് രാംലീല മൈതാനത്ത് പരിപാടി നടത്താന്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 3 വരെ മൈതാനം ബുക്ക് ചെയ്തിരുന്നുവെന്നും ആവശ്യമായ അനുമതികള്‍ ഉണ്ടായിട്ടും ഒരുക്കങ്ങള്‍ പൊലീസ് തടഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.
ഡല്‍ഹിയിലെ വായു മലിനീകരണ നിയന്ത്രണം രാം ലീല റാലിയെ ബാധിച്ചേക്കാമെന്ന് റിപ്പോർട്ടുണ്ട്. നവംബര്‍ 1 മുതലാണ് വായു മലിനീകരണ നിയന്ത്രണങ്ങളുടെ ഭാഗമായി ബിഎസ് VI നിലവാരത്തില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇതിന്റെ ഭാഗമായി ഡല്‍ഹി നഗരത്തിലെ പ്രധാന പ്രവേശന കവാടങ്ങള്‍, ടോള്‍ പ്ലാസകള്‍, മലിനീകരണം കൂടുതലുള്ളതായി കണ്ടെത്തിയ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഏകദേശം 250 എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ വിന്യസിക്കും. BS-VI മാനദണ്ഡങ്ങള്‍ പാലിക്കാത്ത പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശനം ഉണ്ടാകില്ല. ഇത് രാം ലീല റാലിയെ ബാധിച്ചേക്കും. പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തുന്നതിനെ നിയന്ത്രണം ബാധിക്കും. ഡല്‍ഹിയുടെ 13 പ്രധാന അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും ടോള്‍ പ്ലാസകളിലും 24 മണിക്കൂറും നിരീക്ഷണം നടത്തും. 39 എന്‍ഫോഴ്സ്മെന്റ് സംഘങ്ങളെയാണ് ഇതിനായി അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ളത്.

നവംബര്‍ 3ന് ചൊവ്വാഴ്ച ഡല്‍ഹിയില്‍ സിപിഐ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ 273 കമ്പനി കേന്ദ്രസേനയുടെ വിന്യാസം ഈ മാസം 31 വരെ നീട്ടി. ഡല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ആകെ 57 എഫ്ഐആറുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെ നവംബര്‍ 1ലെ മഹാ റാലി മാറ്റണമെന്ന് ആവശ്യപെട്ട് വ്യാപാര സംഘടനകള്‍ രാഹുല്‍ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. റാലി ദീപാവലി കച്ചവടത്തെ ബാധിക്കുമെന്നാണ് വ്യാപാരികള്‍ കത്തില്‍ പറയുന്നത്.
Content Highlights: The BJP has intensified its criticism of Rahul Gandhi as political tensions rise over the INDIA bloc’s protests against Chief Election Commissioner Gyanesh Kumar. After permission was reportedly denied at two venues, the opposition’s mock impeachment programme has been shifted to Mallikarjun Kharge’s residence on October 30