മധ്യപ്രദേശില്‍ 'കഴുത'യ്ക്കും നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ്; MPNRC യുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വിവാദത്തില്‍

എംപിഎന്‍ആര്‍സിയുടെ ഓണ്‍ലൈന്‍ പരിശോധനാ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചകൾ വെളിപ്പെടുത്തുന്നതാണ് സംഭവമെന്ന വിമർശനം ശക്തമായി

മധ്യപ്രദേശില്‍ 'കഴുത'യ്ക്കും നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ്; MPNRC യുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വിവാദത്തില്‍
dot image

ഭോപ്പാല്‍: കഴുതയുടെ പേരില്‍ നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചെന്ന ആരോപണത്തില്‍ മധ്യപ്രദേശ് നഴ്‌സസ് രജിസ്‌ട്രേഷന്‍ കൗണ്‍സിലിനെതിരെ അന്വേഷണം. വ്യാജ വിവരങ്ങളും ഒഴിഞ്ഞ രേഖകളും ഒരു മൃഗത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തി പരീക്ഷണാടിസ്ഥാനത്തില്‍ എന്‍എസ്‌യുഐ സംസ്ഥാന വൈസ് പ്രസിഡന്റ് രവി പര്‍മാര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കപ്പെട്ടതായി ആരോപണമുയര്‍ന്നത്. ഇത് സര്‍ട്ടിഫിക്കറ്റ് അംഗീകാര നടപടിക്രമങ്ങളെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

എംപിഎന്‍ആര്‍സിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളിലെ പിഴവുകള്‍ പരിശോധിക്കുന്നതിനുള്ള ഒരു പരീക്ഷണം എന്ന നിലയിലാണ് താന്‍ അപേക്ഷ സമര്‍പ്പിച്ചതെന്ന് പാര്‍മാര്‍ പറഞ്ഞു. അപേക്ഷയില്‍ പേരിന്റെ സ്ഥാനത്ത് 'Donkey' (കഴുത) എന്നും, ഫോട്ടോ നല്‍കേണ്ടിടത്ത് ഒരു കഴുതയുടെ ചിത്രവുമാണ് നല്‍കിയത്. പിതാവിന്റെയും മാതാവിന്റെയും പേരുകളായി 'Donkey Father', 'Donkey Mother' എന്നിങ്ങനെയും രേഖപ്പെടുത്തി. ജാതി രേഖപ്പെടുത്തേണ്ട കോളത്തില്‍ 'Animal' (മൃഗം) എന്ന് നല്‍കിയപ്പോള്‍, വിലാസത്തിന്റെ വിവരങ്ങളും തോന്നിയതുപോലെയാണ് പൂരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയായിരുന്നു.

പരിശീലന കേന്ദ്രങ്ങളായി ഭോപ്പാല്‍ നഴ്‌സിംഗ് കോളേജും ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററും (ബിഎംഎച്ച്ആര്‍സി) ആണ് അദ്ദേഹം അപേക്ഷയില്‍ തിരഞ്ഞെടുത്തത്. കൂടാതെ, പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും മാര്‍ക്കുകളും റോള്‍ നമ്പറുകളും അദ്ദേഹം തോന്നിയതുപോലെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. യഥാര്‍ത്ഥ പരിശീലന പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റുകളും ബിരുദ/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യുന്നതിന് പകരം, രണ്ട് ശൂന്യമായ കടലാസുകളാണ് അപ്ലോഡ് ചെയ്തതെന്ന് പര്‍മാര്‍ അവകാശപ്പെട്ടു. 2,050 രൂപ ഓണ്‍ലൈനായി അടച്ചതിനെത്തുടര്‍ന്ന്, സെപ്റ്റംബര്‍ 25-ന് ഏകദേശം അഞ്ച് മിനിറ്റിനുള്ളില്‍ നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. രജിസ്‌ട്രേഷന്‍ നമ്പറും ഡിജിറ്റല്‍ ഒപ്പ് സംബന്ധിച്ച വിവരങ്ങളും അടങ്ങിയ സര്‍ട്ടിഫിക്കറ്റ് കാണിക്കുന്ന ഒരു വീഡിയോയും പര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്.

എംപിഎന്‍ആര്‍സിയുടെ ഓണ്‍ലൈന്‍ പരിശോധനാ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചകളാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്ന് പര്‍മാര്‍ ആരോപിച്ചു. രേഖകള്‍ കൃത്യമായി പരിശോധിക്കാതെ നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് വ്യാജ രജിസ്‌ട്രേഷനുകളുടെ ദുരുപയോഗത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ എംപിഎന്‍ആര്‍സി പ്രസിഡന്റ് ബീനു കുശ്വാഹയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം കൈകാര്യം ചെയ്യുന്ന ഏജന്‍സിയായ 'എം പി ഓണ്‍ലൈനി'ന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ഉയരുന്ന ആവശ്യം. പരിശോധന കൂടാതെ വ്യാജ അപേക്ഷ എങ്ങനെ അംഗീകരിക്കപ്പെട്ടു എന്നും നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ ലഭ്യമായി എന്നും വ്യക്തമാക്കണമെന്ന് പര്‍മാര്‍ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എന്‍എസ്യുഐ മുന്നറിയിപ്പ് നല്‍കി.

Content Highlights: The Madhya Pradesh Nurses Registration Council is under investigation following allegations that a nursing certificate was issued in the name of a donkey. NSUI state vice president Ravi Parmar reportedly submitted a test application containing false details, blank documents and an animal photograph, raising questions about the council’s certificate approval process.

dot image
To advertise here,contact us
dot image