നേപ്പാളിലെ ദുരന്തം ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ? മിന്നൽ പ്രളയത്തിന് കാരണം ഹിമതടാകം പൊട്ടിയതോ?

ഹിമാലയത്തിലുണ്ടാകുന്ന ഇത്തരം പ്രകൃതിദുരന്തങ്ങൾ ഇന്ത്യയ്ക്കും വലിയ ഭീഷണിയാണ്

നേപ്പാളിലെ ദുരന്തം ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ? മിന്നൽ പ്രളയത്തിന് കാരണം ഹിമതടാകം പൊട്ടിയതോ?
dot image

ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് ബിഹാറിലും ഉത്തർപ്രദേശിലും അതീവ ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അധിക ദേശീയ ദുരന്ത പ്രതികരണ സേന (NDRF) സംഘങ്ങളെ ദുരന്തം ബാധിക്കാൻ സാധ്യതയുള്ള നേപ്പാളിനോട് ചേർന്ന അതിർത്തി ജില്ലകളിൽ വിന്യസിക്കുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ ഭരണകൂടങ്ങൾക്ക് ഉയർന്ന ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. നേപ്പാളിലെ മിന്നൽ പ്രളയം ഇന്ത്യയെയും ബാധിക്കാൻ കാരണം ഈ മേഖലയിലൂടെ ഒഴുകുന്ന, നേപ്പാൾ വഴി കടന്ന് വന്ന് ഇന്ത്യയിലെ ബിഹാറിൽ പ്രവേശിക്കുന്ന ഗണ്ഡക് നദിയുടെ സാന്നിധ്യമാണ്.

വെള്ളപ്പൊക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി, യാതൊരു മുന്നറിയിപ്പുമില്ലാതെ അതിവേഗം കുതിച്ചെത്തുന്ന ശക്തമായ ജലപ്രവാഹമാണ് മിന്നൽ പ്രളയം (Flash Flood). കനത്ത മഴ, മേഘവിസ്ഫോടനം (cloudburst), ഉരുൾപൊട്ടൽ മൂലം നദികൾ തടസ്സപ്പെടുന്നത്, അല്ലെങ്കിൽ ഹിമതടാകങ്ങൾ പൊട്ടുന്നത് (glacial lake outburst - GLOF) എന്നിവ ഇതിന് കാരണമാകാം. കുത്തനെയുള്ള മലനിരകളിൽ നിന്ന് അതിവേഗത്തിൽ താഴേക്ക് ഒഴുകുന്ന ജലം വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു.

നേപ്പാളിലെ ചൈനീസ് അതിർത്തി പ്രദേശമായ റസുവയിലുണ്ടായ മിന്നൽ പ്രളയത്തിന് കാരണം നേപ്പാളിൽ പെയ്ത മഴ മാത്രമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ടിബറ്റൻ മേഖലയിൽ ശക്തമായ മഴ പെയ്തതായി സാറ്റലൈറ്റ് ചിത്രങ്ങൾ വഴി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ടിബറ്റിലെ ഒരു ഹിമതടാകം പൊട്ടിയതാണോ (GLOF) ഈ കനത്ത നാശനഷ്ടത്തിന് കാരണമായതെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.

ഭൂമിശാസ്ത്രപരമായി നേപ്പാൾ സ്ഥിതി ചെയ്യുന്നത് ഭൂകമ്പസാധ്യത സജീവമായ ഹിമാലയൻ മലനിരകളിലാണ്. കുത്തനെയുള്ള ചരിവുകളുള്ള പർവതങ്ങളിൽ നിന്ന് അതിവേഗം ഒഴുകുന്ന അയ്യായിരത്തോളം നദികളാണ് നേപ്പാളിലുള്ളത്. കനത്ത മൺസൂൺ മഴ പെയ്യുമ്പോൾ ഈ ഇടുങ്ങിയ താഴ്‌വരകളിലൂടെ ജലം അതിശക്തമായി കുതിച്ചൊഴുകുന്നു. ആഗോളതാപനം കാരണം ഹിമാലയൻ ഗ്ലേസിയറുകൾ ഉരുകുകയും വലിയ ഹിമതടാകങ്ങൾ രൂപപ്പെടുകയും ചെയ്യുന്ന സാഹചര്യവും ഇവിടെയുണ്ട്. മണ്ണും മഞ്ഞും കൊണ്ടുള്ള ദുർബലമായ സ്വാഭാവിക മതിലുകളാൽ തടഞ്ഞുനിർത്തപ്പെട്ടിരിക്കുന്ന ഈ തടാകങ്ങൾ ഉരുൾപൊട്ടലോ മഞ്ഞുവീഴ്ചയോ ഉണ്ടാകുമ്പോൾ പെട്ടെന്ന് തകർന്ന് താഴേക്ക് ഒഴുകുന്നു.

നേപ്പാളിൽ ഇത്തവണ ദുരന്തമുണ്ടായ ഭോട്ടെ കോശി (Bhote Koshi) നദി ടിബറ്റിൽ നിന്നാണ് ഉത്ഭവിച്ച് നേപ്പാളിലൂടെ ഒഴുകി തൃശൂലി നദീവ്യൂഹവുമായി ചേരുന്നു. ഈ വെള്ളം ഒടുവിൽ ഗണ്ഡക് (Gandak) നദിയിലൂടെ ഒഴുകി ഇന്ത്യയിലേക്ക് എത്തുന്നതിനാൽ ഹിമാലയത്തിലുണ്ടാകുന്ന ഇത്തരം പ്രകൃതിദുരന്തങ്ങൾ ഇന്ത്യയ്ക്കും വലിയ ഭീഷണിയാണ്. ടിബറ്റിലെ ഗൈറോംഗ് (Gyirong) മേഖലയിൽ നിന്നാണ് ഇത്തരം വെള്ളപ്പൊക്കങ്ങളുടെ ആരംഭം. ഇവിടുത്തെ മലവെള്ളപ്പാച്ചിൽ കൈറോംഗ് സാങ്‌പോ (Kyirong Tsangpo) പോലുള്ള നദികളിലേക്കാണ് ഒഴുകിയെത്തുന്നത്. രസുവ ഗാധി അതിർത്തി കടന്ന് ഈ വെള്ളം നേപ്പാളിലേക്ക് പ്രവേശിക്കുന്നു. ഇവിടെ ഇത് തുടക്കത്തിൽ ഭോട്ടെകോശി (Bhotekoshi - ടിബറ്റിൽ നിന്നുള്ള നദി) എന്നും പിന്നീട് ത്രിശൂലി നദി (Trishuli River) എന്നും അറിയപ്പെടുന്നു. ത്രിശൂലി നദി മലനിരകളിലൂടെ തെക്കോട്ട് ഒഴുകി മധ്യ നേപ്പാളിലെ ദേവ്ഘട്ടിൽ വെച്ച് വലിയ നാരായണി നദിയുമായി (ഗണ്ഡകി നദീവ്യൂഹം) ചേരുന്നു.

നാരായണി നദി ഹിമാലയൻ താഴ്‌വരകളിൽ നിന്ന് താഴേക്ക് ഒഴുകി ഇന്ത്യയിലെ ബിഹാർ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നു. ഇന്ത്യയിൽ ഈ നദി ഗണ്ഡക് നദി (Gandak River) എന്നാണ് അറിയപ്പെടുന്നത്. ഗണ്ഡക് നദി ഇന്ത്യൻ സമതലങ്ങളിലൂടെ തെക്കുകിഴക്കായി ഒഴുകി ഒടുവിൽ ബിഹാറിലെ പാറ്റ്നയ്ക്ക് സമീപം ഗംഗാ നദിയിൽ (Ganges River) ചെന്ന് ചേരുന്നു. ഈ നദികളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ടിബറ്റിലോ നേപ്പാളിലോ ഉണ്ടാകുന്ന വെള്ളപ്പൊക്കം ഈ നദികളിലൂടെ അതിവേഗം ഒഴുകിയെത്തുകയും, അത് ഇന്ത്യയിലെ ഗണ്ഡക്, ഗംഗാ നദികളിലെ ജലനിരപ്പ് ഉയർത്താൻ കാരണമാവുകയും ചെയ്യുന്നു.

Content Highlights: The devastating Nepal flash floods have raised concerns about their possible impact on India. Here's how the disaster could affect border areas and whether a glacial lake outburst triggered the flooding.

dot image
To advertise here,contact us
dot image