

ദിസ്പൂര്‍: പെണ്‍ സുഹൃത്തിന് ഐ ഫോണ്‍ വാങ്ങാനായി വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ മോഷ്ടിച്ച യുവാവ് പിടിയില്‍. യഷ് ധനുക അഗര്‍വാള്‍ എന്ന 25 വയസുകാരനാണ് പിടിയിലായത്. ജോര്‍ഹട്ടിലെ വീട്ടില്‍ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോയ യുവാവിനെ പിതാവ് തിരികെ കൊണ്ടുവന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആഗസ്റ്റ് 11-ന് കുടുംബം വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷണം നടന്നതെന്ന് പൊലീസ് അറിയിച്ചു.
അഗര്‍വാള്‍ പിതാവിന്‍റെ മുറിയിലുണ്ടായിരുന്ന ലോക്കര്‍ തകര്‍ത്ത് പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചതായാണ് വിവരം. സൈബര്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് വീടിന് ഉള്ളില്‍ നിന്നുള്ള ഒരാള്‍ തന്നെയാകാം മോഷണം നടത്തിയതെന്ന് പൊലീസിന് വ്യക്തമാകുന്നത്. മോഷണത്തിന് പിന്നാലെ പ്രതി അഹമ്മദാബാദിലേക്ക് കടക്കുകയായിരുന്നു. പിന്നാലെ അഹമ്മദാബാദില്‍ എത്തിയ യഷ്‌ന്റെ പിതാവ് ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.
ജിതു സോമാനി, രോഹിത് പ്രസാദ് എന്നിവരുമായി ചേര്‍ന്നായിരുന്നു പ്രതി മോഷണത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. പണം കൈക്കലാക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചെന്നും അത് എങ്ങനെ ചെയ്യണമെന്ന് അവര്‍ പറഞ്ഞുതന്നു എന്നുമാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. പൂട്ടുപൊളിക്കുന്ന വിദഗ്ധന്റെ സഹായം തേടി എന്നും ഒപ്പം പുബാലി എന്നൊരു പെണ്‍കുട്ടിയുമുണ്ടായിരുന്നു എന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പെണ്‍കുട്ടിക്കായി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചു എന്നും യഷ് പറഞ്ഞു. എനിക്ക് അതിയായ ഖേദമുണ്ടെന്നും ജിതു സോമാനി എന്നെ തെറ്റിദ്ധരിപ്പിച്ച് കാര്യങ്ങള്‍ ചെയ്യിക്കുകയായിരുന്നു എന്നും പ്രതി കൂട്ടിച്ചേര്‍ത്തു.
മോഷ്ടിച്ച പണം എങ്ങനെയാണ് ചെലവഴിച്ചതെന്ന് പൊലീസ് ഇപ്പോള്‍ അന്വേഷിച്ചുവരികയാണ്. മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം യഷ് തന്റെ പെണ്‍ സുഹയത്തായ പുബാലി ദത്തയ്ക്കായി ചെലവഴിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. 1.5 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ ഇയാള്‍ പെണ്‍കുട്ടിക്കായി വാങ്ങിയിരുന്നു എന്നാണ് കണ്ടെത്തല്‍. കൂടാതെ പണം നല്‍കുകയും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി പെണ്‍ സുഹൃത്തിനൊപ്പം കുറച്ചുദിവസങ്ങള്‍ ചെലവഴിക്കുകയും ചെയ്തതായി പറയപ്പെടുന്നു.
കേസില്‍ പുബാലി ദത്തയെ പ്രതിയാക്കിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അവരെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട് എന്നാണ് വിവരം. എന്നാല്‍ യഷ് അഗര്‍വാളിന്റെ സുഹൃത്തുക്കളായ ജിതേന്ദ്ര സോമാനി, രോഹിത് പ്രസാദ് എന്നിവരുടെ പേരുകള്‍ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആസൂത്രണത്തില്‍ പങ്കാളികളാവുകയും മോഷ്ടിച്ച സ്വര്‍ണം വിറ്റഴിക്കാന്‍ സഹായിക്കുകയും ചെയ്തതായി സംശയിക്കപ്പെടുന്ന ഇരുവരും നിലവില്‍ ഒളിവിലാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് പണം വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. കുടുംബ ബിസിനസില്‍ പങ്കാളിയായിരുന്ന യഷ് അഗര്‍വാളിന് അവിടെ പണം സൂക്ഷിച്ചിരുന്ന വിവരം അറിയാമായിരുന്നു എന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് പ്രതികളെ കണ്ടെത്താനും മോഷ്ടിച്ച പണവും സ്വര്‍ണവും വീണ്ടെടുക്കാനുമുള്ള ശ്രമത്തിലാണ് പൊലീസ്.
Content Highlights: A 25-year-old man was arrested in Assam for allegedly taking ₹50 lakh and gold ornaments from his family home to buy an iPhone for his female friend. Police traced the case to an insider after a cyber investigation, following which the youth was taken back from Ahmedabad and handed over to police. He is currently in judicial custody.