ഓണം... പൊന്നോണം... ഏവര്‍ക്കും റിപ്പോര്‍ട്ടറിന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍

മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഓണമുണ്ട്

ഓണം... പൊന്നോണം... ഏവര്‍ക്കും റിപ്പോര്‍ട്ടറിന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍
dot image

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റൊരു പൊന്നോണം കൂടി മിഴിതുറന്നു. ഉത്രാടപ്പാച്ചിലിന്റെ തിരക്കുകളൊഴിഞ്ഞ് ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണത്തെ വരവേറ്റു. അത്തത്തിന് തുടങ്ങിയ ആഘോഷങ്ങള്‍ ചതയം വരെ നീളുമ്പോള്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് തിരുവോണം.

കേരളത്തിൽ മാത്രമല്ല, വിദേശ മലയാളികളും ആര്‍പ്പും ആരവവുമായി ഓണത്തെ വരവേറ്റു. ഓണക്കോടിയുടുത്ത് ഓണത്തപ്പനെ വരവേറ്റ് ഓണസദ്യ ഒരുക്കാനുള്ള ഒരുക്കങ്ങളിലാണ് വീടുകൾ.

പൂവിളിയും പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും മാത്രമല്ല മലയാളിക്ക് ഓണം. അത് ഒരുമയുടേയും സ്‌നേഹത്തിന്റെയും ആഘോഷമാണ്. കുടുംബത്തിന്റെ ഒത്തുചേരലിന്റെ സമയമാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് മലയാളികള്‍ ഓണമുണ്ണാന്‍ ഒത്തുചേര്‍ന്നു കഴിഞ്ഞു. 'കാണം വിറ്റും ഓണം ഉണ്ണണമെന്നാണ്' പഴമൊഴി.

ഓണം ഒരു വിശേഷ ദിവസത്തിന്റെ മാത്രം കഥയല്ല. ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റേത് കൂടിയാണ്. ഇനി വരുന്ന വര്‍ഷത്തേക്കുള്ള ഓര്‍മകള്‍ ചേര്‍ത്ത് വയ്ക്കാനുള്ള പ്രതീക്ഷയുടെ ദിനം കൂടിയാണ്. വീട്ടില്‍ മാത്രമല്ല, നാട്ടിലും ജോലിസ്ഥലങ്ങളിലും നാട്ടിന്‍പുറത്തെ ക്ലബുകളിലും ഓണാഘോഷ പരിപാടികള്‍ പൊടിപൊടിച്ചു.

തിരുവോണത്തിനാണ് മഹാബലി തമ്പുരാന്‍ പാതാളത്തില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നതെന്നാണ് ഐതിഹ്യം. ആഘോഷത്തിന്റെയും ആവേശത്തിന്റെയും ഈ ദിവസം വിളവെടുപ്പിന്റെ കൂടി ഉത്സവമാണ്. പഞ്ഞ മാസത്തിന്റെ വറുതിയില്‍ നിന്ന് വിളവെടുപ്പിന്റെ സമൃദ്ധിയിലേക്കുള്ള ചുവടുവയ്പ്പാണിത്. പണ്ടുകാലത്ത് ഓണത്തിന് മുമ്പായി പാടത്ത് വിളഞ്ഞ് നില്‍ക്കുന്ന നെല്ല് കൊയ്‌തെടുക്കുമായിരുന്നു. ഇതെല്ലാം ഇന്ന് മലയാളിക്ക് ഗൃഹാതുരത്വം നല്‍കുന്ന ഓര്‍മകളാണ്. ഏവര്‍ക്കും റിപ്പോര്‍ട്ടര്‍ ടി വിയുടെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍.

Content Highlights: Onam brings Malayalis worldwide together in a celebration of unity, tradition, and joy, marking Thiruvonam as a symbol of prosperity and togetherness

dot image
To advertise here,contact us
dot image