ഐഎസ്ആര്‍ഒയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം; ഇനി വിക്ഷേപണ വാഹനങ്ങള്‍ നിര്‍മിക്കില്ല

ഗവേഷണത്തിലും നൂതന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലും മാത്രം ഐഎസ്ആര്‍ഒ പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങും

ഐഎസ്ആര്‍ഒയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം; ഇനി വിക്ഷേപണ വാഹനങ്ങള്‍ നിര്‍മിക്കില്ല
dot image

ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന് വെളിപ്പെടുത്തല്‍. ബിസിനസ് ടുഡേയുടെ ഇന്ത്യ@100 ഇക്കോണമി സമ്മിറ്റില്‍ സംസാരിക്കവേ ഇന്‍ സ്‌പേസ് ചെയര്‍മാന്‍ ഡോ പവന്‍ ഗോയങ്കയാണ് ഇക്കാര്യം പറഞ്ഞത്. ഐഎസ്ആര്‍ഒയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് വിവരം.


ഗവേഷണത്തിലും നൂതന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലും മാത്രം ഐഎസ്ആര്‍ഒ പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങുന്നതോടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ വ്യവസായ മേഖലയ്ക്ക് പൂര്‍ണമായും കൈമാറുമെന്നാണ് ഗോയങ്ക വ്യക്തമാക്കുന്നത്. ലേല പ്രക്രിയയ്ക്ക് ശേഷം സ്മാള്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ സാങ്കേതിക വിദ്യയും ഉത്പാദന അവകാശവും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന് കൈമാറിയത് ഇതിന്റെ ആദ്യഘട്ട നടപടികളുടെ ഭാഗമാണെന്നും ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read:

രണ്ടാം ഘട്ടത്തില്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട റോക്കറ്റുകളായ പിഎസ്എല്‍വി, എല്‍വിഎം3 എന്നിവയുമായി ബന്ധപ്പെട്ട കൈമാറ്റമാകും നടക്കുക. ഇവയുടെ ഉത്പാദനവും സ്വകാര്യ മേഖലയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗോയങ്ക പറയുന്നു. എസ്എസ്എല്‍വി കൈമാറ്റം പോലെ പൊതുമേഖലാ കമ്പനികള്‍ക്ക് ഇനിയുള്ള നടപടികളില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടാകില്ല. പിഎസ്എല്‍വി, എല്‍വിഎം3 ഉത്പാദനത്തിന്റെ പൂര്‍ണ അധികാരം സ്വകാര്യമേഖലയ്ക്ക് മാത്രമായിരിക്കും.

Also Read:

ശാസ്ത്രീയമായ പര്യവേഷണങ്ങള്‍, പ്രത്യേക വൈദഗ്ധ്യമുളള ഉപഗ്രഹങ്ങള്‍, ന്യൂതന സാങ്കേതിക വിദ്യ, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയിലായിരിക്കും അടുത്തഘട്ടം മുതല്‍ ഐഎസ്ആര്‍ഒ ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവില്‍ 120ഓളം സാങ്കേതിക വിദ്യകള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറിയതായും ഗോയങ്ക വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം സ്വകാര്യമേഖലയ്ക്ക് ഒരു പുതിയ വിക്ഷേപണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൈമാറാനുള്ള നടപടികളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

അടുത്ത നാലോ അഞ്ചോ മാസത്തിനുള്ളില്‍ ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കും. 2033ഓടെ ഇന്ത്യയുടെ ബഹിരാകാശ സമ്പദ് വ്യവസ്ഥ 8 ബില്യണ്‍ ഡോളറില്‍ നിന്നും 44ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയാണ് ലക്ഷ്യം. പ്രതിരോധ വകുപ്പ് സ്വകാര്യകമ്പനികള്‍ക്ക് 31 ഉപഗ്രഹങ്ങളുടെ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. അതേസമയം ഈ പദ്ധതിയുടെ കീഴില്‍ 21ഓളം ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒയും നിര്‍മിക്കും.

Content Highlights: The Centre is reportedly planning changes to ISRO's role. ISRO may stop directly manufacturing launch vehicles. Private companies could take a larger role in launch vehicle production

dot image
To advertise here,contact us
dot image