

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്ന് വിവരാവകാശ മറുപടി. ലക്ഷക്കണക്കിന് ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മയും സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള കടുത്ത മത്സരവും വലിയ ആശങ്കയായി തുടരുന്ന സാഹചര്യത്തിലാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഒരു മറുപടിയില്‍ ശ്രദ്ധേയമായ വൈരുദ്ധ്യം വെളിപ്പെടുന്നത്. പൊതുമേഖലാ ബാങ്കുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല. റെയില്‍വേ, പ്രതിരോധം, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ വലിയ വിഭാഗങ്ങള്‍ മുതല്‍ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റും പ്രധാനമന്ത്രിയുടെ ഓഫീസും വരെ നീളുന്നതാണ് ഈ തൊഴില്‍ മേഖല.
ആകെ അനുവദിക്കപ്പെട്ട 39,23,212 തസ്തികകളില്‍, 2024 മാര്‍ച്ച് 1-ലെ കണക്കുപ്രകാരം 30,99,556 ജീവനക്കാര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. അതില്‍ 8,23,656 തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആകെ സിവില്‍ ജീവനക്കാരുടെ തസ്തികകളില്‍ ഏകദേശം 21 ശതമാനത്തോളം വരുമിത്. ലളിതമായി പറഞ്ഞാല്‍, സര്‍ക്കാര്‍ തന്നെ അനുവദിച്ച ഓരോ അഞ്ച് തസ്തികകളിലും ഒരെണ്ണത്തിലധികം തസ്തികകളില്‍ ജീവനക്കാരില്ലാത്ത അവസ്ഥയാണുള്ളതെന്ന് നീമുച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ചന്ദ്ര ശേഖര്‍ ഗൗര്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ ഭരണസംവിധാനത്തിന്റെ ഉന്നതതലങ്ങളില്‍പ്പോലും ഒഴിവുകള്‍ നിലനില്‍ക്കുന്നതായി വിവരാവകാശ നിയമപ്രകാരമുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന്‍പ്രകാരം, രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റില്‍ അനുവദിക്കപ്പെട്ട 803 തസ്തികകളില്‍ 287 എണ്ണവും (35.74%), പ്രധാനമന്ത്രിയുടെ ഓഫീസില്‍ അനുവദിക്കപ്പെട്ട 441 തസ്തികകളില്‍ 126 എണ്ണവും (28.57%) ഒഴിഞ്ഞുകിടക്കുകയാണ്. 2024 മാര്‍ച്ച് ഒന്ന് വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കി, കേന്ദ്ര സര്‍ക്കാര്‍ സിവിലിയന്‍ സ്ഥിര ജീവനക്കാരുടെ ഗ്രൂപ്പ് തിരിച്ചുള്ളതും പദവി തിരിച്ചുള്ളതുമായ അംഗബലമാണ് ലഭ്യമായതില്‍ ഏറ്റവും പുതിയതെന്ന് ചെലവ് വകുപ്പിന് കീഴിലുള്ള 'പേ റിസര്‍ച്ച് യൂണിറ്റ്' ഓഗസ്റ്റ് 19-ന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. അനുവദിക്കപ്പെട്ട തസ്തികകളും നിലവില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണവും തമ്മില്‍ വലിയ അന്തരം ഉണ്ടെന്ന് മന്ത്രാലയം തിരിച്ചുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.
പ്രതിരോധ മന്ത്രാലയത്തിന്റെ സിവിലിയന്‍ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുള്ളത്. അനുവദിക്കപ്പെട്ട 5,56,248 തസ്തികകളില്‍ 2,42,243 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. റെയില്‍വേയില്‍ 2,40,125 ഒഴിവുകളാണുള്ളത്. ഇവ രണ്ടും കൂടി 4.82 ലക്ഷത്തിലധികം ഒഴിവുകള്‍ വരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ 1,10,885 ഒഴിവുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍, പ്രതിരോധ സിവിലിയന്‍ വിഭാഗം, റെയില്‍വേ, ആഭ്യന്തര മന്ത്രാലയം എന്നിവയിലായി ആകെ 5.93 ലക്ഷത്തോളം ഒഴിവുകളുണ്ട്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ആകെ തിരിച്ചറിഞ്ഞ 8.23 ലക്ഷം ഒഴിവുകളില്‍ നാലില്‍ മൂന്ന് ഭാഗത്തോളവും ഇവയിലാണ്.
മറ്റ് പല വകുപ്പുകളിലും കാര്യമായ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റവന്യൂ വകുപ്പില്‍ 69,662, തപാല്‍ വകുപ്പില്‍ 61,546, ആണവോര്‍ജ്ജ വകുപ്പില്‍ 10,234, ബഹിരാകാശ വകുപ്പില്‍ 4,126, ഭവന-നഗരകാര്യ മന്ത്രാലയത്തില്‍ 4,592 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. കൃഷി, പരിസ്ഥിതി, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, ആയുഷ്, ഇലക്ട്രോണിക്‌സ്, ജലവിഭവം, വ്യവസായം, വാര്‍ത്താവിതരണ പ്രക്ഷേപണം, നിയമ നീതി എന്നീ വകുപ്പുകളിലും വലിയ തോതില്‍ ഒഴിവുകളുണ്ട്. ചില വകുപ്പുകളില്‍ അനുവദിക്കപ്പെട്ട തസ്തികകളുടെ 40 ശതമാനത്തിലധികമോ 50 ശതമാനത്തോളമോ ഒഴിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
Content Highlights: An RTI response has revealed that more than 8.23 lakh sanctioned posts remain vacant across the Central Government’s civilian departments. The figures cover major sectors including Railways, Defence and the Home Ministry, while vacancies in public sector banks and public sector undertakings are not included.