

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെയിലെ യാത്രാസൗകര്യങ്ങളും ശുചിത്വ സംവിധാനങ്ങളും സംബന്ധിച്ച് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നടത്തിയ ഓഡിറ്റിൽ അടിസ്ഥാന സൗകര്യങ്ങളിൽ പരിമിതി ഉള്ളതായി കണ്ടെത്തൽ. പരിശോധിച്ച 512 റെയിൽവെ സ്റ്റേഷനുകളിൽ 89 ശതമാനത്തിലധികം സ്റ്റേഷനുകളിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നോ അതിലധികമോ സൗകര്യങ്ങൾ ഇല്ലെന്നാണ് സിഎജിയുടെ കണ്ടെത്തൽ. കുടിവെള്ളം, ശുചിമുറി, ഫാനുകൾ, വാട്ടർ കൂളറുകൾ, ദിശാസൂചക ബോർഡുകൾ തുടങ്ങിയ സൗകര്യങ്ങളിലാണ് പ്രധാനമായും കുറവുകൾ കണ്ടെത്തിയിരിക്കുന്നത്.
2019-20 മുതൽ 2023-24 വരെ അനുവദിച്ച ബജറ്റ് തുകയുടെ 36 മുതൽ 44 ശതമാനം വരെ ചെലവഴിക്കാതെ പോയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏതെങ്കിലും നിലയിലുള്ള സാമ്പത്തിക പരിമിതിയുണ്ടെന്നല്ല മറിച്ച് ആസൂത്രണത്തിലും നടപ്പാക്കലിലുമുള്ള വീഴ്ചകളാണ് ഇത് സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച പാർലമെന്റിൽ സമർപ്പിച്ച ഇന്ത്യൻ റെയിൽവെയിലെ നോൺ-സബർബൻ റെയിൽവെ സ്റ്റേഷനുകളിലെ യാത്രാസൗകര്യങ്ങളും ശുചിത്വ സംവിധാനങ്ങളും സംബന്ധിച്ച സിഎജി റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. പരിശോധന നടന്ന 512 സ്റ്റേഷനുകളിൽ 458 സ്റ്റേഷനുകളിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാന യാത്രാ സൗകര്യങ്ങളിൽ ഒന്നോ അതിലധികമോ സൗകര്യങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ടിൽ ഉള്ളത്.
ഏറ്റവും കൂടുതൽ കുറവ് കണ്ടെത്തിയ സൗകര്യങ്ങൾ
സ്റ്റേഷന്റെ കാറ്റഗറി പരിഗണിക്കാതെ എല്ലാ സ്റ്റേഷനുകളിലും ഈ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാണ് 2018 ഏപ്രിലിൽ റെയിൽവേ ബോർഡ് പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്. കുടിവെള്ളം, കാത്തിരിപ്പുമുറി, ഇരിപ്പിടങ്ങൾ, പ്ലാറ്റ്‌ഫോം ഷെൽട്ടറുകൾ, യൂറിനലുകൾ, ശുചിമുറികൾ, ഉയർന്ന പ്ലാറ്റ്‌ഫോമുകൾ, ഫാനുകൾ, ഫുട് ഓവർ ബ്രിഡ്ജുകൾ, മാലിന്യ സംഭരണികൾ, ക്ലോക്കുകൾ, പൊതുജനങ്ങളെ വിവരങ്ങൾ അറിയിക്കുന്ന സംവിധാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
150 കിലോമീറ്ററിലധികം ദൂരയാത്രാ സർവീസുകൾ കൈകാര്യം ചെയ്യുന്ന നോൺ-സബർബൻ സ്റ്റേഷനുകളെയാണ് സിഎജി ഓഡിറ്റിൽ ഉൾപ്പെടുത്തിയത്. രാജ്യത്തെ 16 റെയിൽവേ സോണുകളിലായി പ്രവർത്തിക്കുന്ന 5,908 സ്റ്റേഷനുകളിൽ നിന്നാണ് സാമ്പിൾ തിരഞ്ഞെടുത്തത്. 2023-24ൽ പ്രതിദിനം 7,424 യാത്രാ ട്രെയിനുകൾ സർവീസ് നടത്തുകയും 292.4 കോടി യാത്രക്കാർ ഇവ ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പരിശോധിച്ച 512 സ്റ്റേഷനുകളിൽ വെറും 54 സ്റ്റേഷനുകളിൽ (11%) മാത്രമാണ് നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ച് യാതൊരു കുറവും കണ്ടെത്താതിരുന്നത്. ഈ 512 സ്റ്റേഷനുകളിൽ 325 എണ്ണം അമൃത് ഭാരത് സ്റ്റേഷനുകളല്ല. 2022 മുതൽ 1,300 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി. നിർബന്ധമായും ഏർപ്പെടുത്തണമെന്ന് റെയിൽവെ നിർദ്ദേശിച്ച സൗകര്യങ്ങളിലെ കുറവുകൾ പരിഹരിക്കാൻ പ്രവർത്തനപദ്ധതികൾക്കായി സമയപരിധി തയ്യാറാക്കിയിട്ടില്ലെന്നും സിഎജി റിപ്പോർട്ടിലുണ്ട്. ഇത് റെയിൽവേ ബോർഡിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും സിഎജി വ്യക്തമാക്കുന്നുണ്ട്.
ഭിന്നശേഷിക്കാരുടെ അവകാശ നിയമം, 2016 അനുസരിച്ച് ഒരുക്കേണ്ട സൗകര്യങ്ങളിലും ഗുരുതരമായ കുറവുകളാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. പ്രവേശന സൗകര്യങ്ങൾ, വിവര സംവിധാനം, പ്രത്യേക ശുചിമുറികൾ, റാമ്പുകൾ, ടാക്റ്റൈൽ പാതകൾ, ലിഫ്റ്റുകൾ, ശബ്ദ അറിയിപ്പുകൾ എന്നിവ പല സ്റ്റേഷനുകളിലും അപര്യാപ്തമാണെന്നാണ് കണ്ടെത്തൽ. അടിയന്തര ചികിത്സാ സംവിധാനവും റെയിൽവെ സ്റ്റേഷനുകളിൽ പര്യാപ്തമല്ലെന്നാണ് സിഎജി റിപ്പോർട്ടിലുള്ളത്. യാത്രക്കാർക്കായി അടിയന്തര ചികിത്സാ മുറികളും എയിംസ് ശുപാർശ ചെയ്യുന്ന മെഡിക്കൽ ബോക്സുകളും ഭൂരിഭാഗം സ്റ്റേഷനുകളിലും ഇല്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
2019-20 മുതൽ 2023-24 വരെ നടപ്പാക്കിയ 395 യാത്രാസൗകര്യ പദ്ധതികളിൽ 59 ശതമാനവും ഒരു വർഷം മുതൽ നാല് വർഷം വരെ വൈകിയാണ് പൂർത്തിയായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വെറും 41 ശതമാനം പദ്ധതികൾ മാത്രമാണ് നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയായതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതുമൂലം യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി ലഭിക്കാതെ പോയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തികമായ പിരിമിതിയല്ല ഇതിൻ്റെ കാരണെന്നും മറിച്ച് അനുവദിച്ച ബജറ്റ് തുക 36 മുതൽ 44 ശതമാനം വരെ ചെലവഴിക്കാതെ പോയതാണ് യഥാർത്ഥ പ്രശ്നമെന്നും സിഎജി റിപ്പോർട്ട് വിലയിരുത്തുന്നു.
Content Highlights: A CAG audit has revealed that 89% of 512 inspected railway stations across India lack one or more mandatory passenger amenities, including drinking water, toilets, fans, water coolers and proper signage, despite no shortage of funds