മദ്യശാലകളിൽ ജവാൻ റമ്മിന് മുൻഗണന നൽകിയ നടപടി;ബെവ്‌കോയ്ക്കും നിർമാതാക്കള്‍ക്കും നോട്ടീസയച്ച് സുപ്രീംകോടതി

മദ്യനിര്‍മ്മാതാക്കളുടെ കോണ്‍ഫെഡറേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി

മദ്യശാലകളിൽ ജവാൻ റമ്മിന് മുൻഗണന നൽകിയ നടപടി;ബെവ്‌കോയ്ക്കും നിർമാതാക്കള്‍ക്കും നോട്ടീസയച്ച് സുപ്രീംകോടതി
dot image

ന്യൂഡല്‍ഹി: മദ്യശാലകളില്‍ ജവാന്‍ റമ്മിന് മുന്‍ഗണന നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ ഇടപെട്ട് സുപ്രീം കോടതി. കേരള ബിവറേജസ് കോര്‍പ്പറേഷന് (ബെവ്‌കോ) സുപ്രീം കോടതി നോട്ടീസയച്ചു. ജവാന്‍ നിര്‍മ്മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗര്‍ കമ്പനിയോടും വിശദീകരണം തേടി. മദ്യനിര്‍മ്മാതാക്കളുടെ കോണ്‍ഫെഡറേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. സര്‍ക്കാര്‍ നടപടി ശരിവെച്ച കമ്പനി ട്രിബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍.

ജവാന്‍ റം കുറഞ്ഞ വിലയ്ക്കാണ് വില്‍ക്കുന്നതെന്നാണ് മദ്യനിര്‍മ്മാതാക്കളുടെ കോണ്‍ഫെഡറേഷന്‍ പറയുന്നത്. ബെവ്‌കോ ജവാന്‍ റമ്മിന് മുന്‍ഗണന നല്‍കുന്നുണ്ടെന്നും കോണ്‍ഫെഡറേഷന്‍ പറഞ്ഞു. വിപണിയിലെ ആധിപത്യത്തെ ബെവ്‌കോ ദുരുപയോഗം ചെയ്യുന്നു. സ്വകാര്യ ബ്രാന്‍ഡുകളെക്കാള്‍ സര്‍ക്കാര്‍ ബ്രാന്‍ഡിനെ സഹായിക്കുന്നു. ഏകപക്ഷീയമായ ടെന്‍ഡര്‍ വ്യവസ്ഥകള്‍ ബെവ്‌കോ അടിച്ചേല്‍പ്പിച്ചെന്നും കോണ്‍ഫെഡറേഷന്‍ ഹര്‍ജിയില്‍ പറയുന്നു.

മദ്യവില്‍പ്പനയിലെ മത്സരത്തെ ഇത് ബാധിക്കുന്നുവെന്നും കോണ്‍ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതിന് തെളിവില്ലെന്ന് കോംപറ്റീഷന്‍ കമ്മിഷന്‍ 2021ല്‍ വിധിച്ചിരുന്നു. വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ തടസപ്പെടുത്തിയതിന് തെളിവില്ലെന്നും സിസിഐ പറഞ്ഞിരുന്നു. തുടര്‍ന്ന് സിസിഐയുടെ ഉത്തരവ് 2026 മേയ് മാസത്തില്‍ ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ ശരിവെക്കുകയായിരുന്നു.

ജവാന്‍ റമ്മിനോടുള്ള മുന്‍ഗണന സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ് എന്നും ട്രിബ്യൂണല്‍ പറഞ്ഞിരുന്നു. ഇത് വിപണിയിലെ മത്സരത്തെ തകര്‍ക്കുകയോ ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പിനെ ബാധിക്കുകയോ ചെയ്തിട്ടില്ല. ബെവ്‌കോയുടെ നടപടിമൂലം ഗുരുതര ദോഷം ഉണ്ടായി എന്നതിന് തെളിവ് ഹാജരാക്കാന്‍ മദ്യസംഘടനകള്‍ക്ക് കഴിഞ്ഞില്ലെന്നും ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ വ്യക്തമാക്കി. പിന്നാലെ ഈ വിധി ചോദ്യം ചെയ്ത് മദ്യനിര്‍മ്മാതാക്കളുടെ കോണ്‍ഫെഡറേഷന്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

Content Highlights: The Supreme Court has stepped into the Kerala government’s move to give preference to Javan rum in liquor shops

dot image
To advertise here,contact us
dot image