

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ വെച്ച് താന്‍ ജാതി വിവേചനം നേരിട്ടെന്ന് രാജ്യസഭയില്‍ വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ താന്‍ സംസാരിച്ച രാംലീല ഗ്രൗണ്ടിലെ വേദിയില്‍ പരിപാടിക്ക് ശേഷം ശുദ്ധികലശം നടത്തിയെന്ന വെളിപ്പെടുത്തലാണ് ഖര്‍ഗെ നടത്തിയിരിക്കുന്നത്. ഈ രാജ്യത്ത് ദളിതര്‍ക്ക് ഇടമില്ലെന്ന് ഞങ്ങള്‍ തുടക്കം മുതലേ പറയുന്നതാണ്. മതത്തിന്റെ പേരില്‍ അവര്‍ എല്ലാവരെയും ഭിന്നിപ്പിക്കുകയാണ്. അവിടെ ഒരു 'ശുദ്ധീകരണം' നടത്തേണ്ടതിന്റെ ആവശ്യമെന്തായിരുന്നു എന്നാണ് ഖര്‍ഗെ ചോദിച്ചത്.
ശനിയാഴ്ച ഹല്‍ദ്വാനിയിലെ രാംലീല മൈതാനിയില്‍ നടന്ന 'വിജയ് ശംഖനാദ്' റാലിയെ അഭിസംബോധന ചെയ്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം, ആഗസ്റ്റ് 10 ന്, 'ശ്രീരാമസേന' എന്ന വലതുപക്ഷ സംഘം റാലി വേദിയില്‍ ശുദ്ധികലശം നടത്തി എന്നാണ് ഖാര്‍ഗെ ആരോപിച്ചത്. രാംലീല മൈതാനം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതു യോഗങ്ങള്‍ നടത്താന്‍ കഴിയുന്ന ഇടമാണ്. എന്നാല്‍ അവര്‍ ചെയ്തത് ആദ്യമായി ഹിന്ദുമതത്തിന് തന്നെ എതിരാണ്, രണ്ടാമതായി അവര്‍ രാജ്യത്തെ ജാതി വൈവിധ്യങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഖര്‍ഗെ രാജ്യസഭയില്‍ കുറ്റപ്പെടുത്തി.
'രാംലീല മൈതാനിയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ അവിടെയുണ്ടായിരുന്നു. അന്ന് ഏതെങ്കിലും സമുദായത്തെയോ മതത്തെയോ കുറിച്ച് ഞാന്‍ പരാമര്‍ശിച്ചിരുന്നില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് ഞാന്‍ ആവര്‍ത്തിച്ചത്. എന്നാല്‍ എന്റെ പ്രസംഗത്തിന് ശേഷം, ആ വേദി 'ശുദ്ധീകരിക്കുന്നതിനായി' ബിജെപിക്കാര്‍ അവിടെ ഒരു ഹോമം നടത്തി. ജനാധിപത്യത്തില്‍ ഇതാണോ രീതി. ഭരണഘടനയെ നിങ്ങള്‍ എങ്ങനെയാണ് സംരക്ഷിക്കുന്നത്? പ്രതിപക്ഷ നേതാവായ തനിക്ക് പോലും ഈ സ്ഥിതി ആണ്,' ഖര്‍ഗെ പറഞ്ഞു.
രാജ്യസഭയില്‍ ഉയര്‍ന്ന ആരോപണത്തോട് പ്രതികരിക്കവെ, സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര മന്ത്രി ജെ പി നദ്ദ പറഞ്ഞു. ഇതില്‍ ബിജെപി അംഗങ്ങള്‍ക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
എന്നാല്‍ 'ശ്രീറാം സേന' എന്ന സംഘടനയ്ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോദിയാല്‍ ആരോപിച്ചു. ബിജെപി ഈ ആരോപണം നിഷേധിക്കുകയായിരുന്നു. ഖര്‍ഗെ ദളിത് വിഭാഗത്തില്‍പ്പെട്ടയാളായതുകൊണ്ടാണ് ആ ആചാരം നടത്തിയതെന്ന് ഗോദിയാല്‍ ആരോപിച്ചു. ജാതിയുടെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വലതുപക്ഷ സംഘടനയ്ക്കെതിരെ നടപടിയെടുക്കാത്തതിന് നൈനിറ്റാള്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസിനെതിരെ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദ്യം ഉന്നയിക്കുകയും ചെയ്തു. ഈ സംഭവം ജാതി അധിഷ്ഠിത വിവേചനത്തെയും സങ്കുചിത മനോഭാവത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. മാനവികതയിലും സമത്വത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്നവരാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ വിദ്വേഷവും ഭിന്നതയും വളര്‍ത്തുകയാണ് ചെയ്യുന്നത്. ഗോദിയാല്‍ പറഞ്ഞു. ആധുനിക ജനാധിപത്യ ഇന്ത്യയില്‍ വിവേചനത്തിനും അയിത്തത്തിനും സ്ഥാനമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാംലീല മൈതാനിയില്‍ നടന്ന ഖര്‍ഗെയുടെ റാലിക്കിടെ ചില മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും അത് സനാതന സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു എന്നാണ് ഈ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട്, ബിജെപി സംസ്ഥാന വക്താവും മന്ത്രിയുമായ ഖജന്‍ ദാസ് അവകാശപ്പെട്ടത്. രാംലീല മൈതാനിക്ക് മതപരമായ പ്രാധാന്യമുണ്ടെന്നും, അവിടെ മറ്റൊരു മതവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങള്‍ മുഴക്കിയത് ആളുകളെ പ്രകോപിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശുദ്ധീകരണ നടപടി ഖര്‍ഗെയുടെ ജാതിയുമായി ബന്ധപ്പെട്ടതാണെന്ന കോണ്‍ഗ്രസിന്റെ ആരോപണവും ബിജെപി തള്ളി. സീതാറാം കേസരി, ബാബു ജഗ്ജീവന്‍ റാം, ഡോ. ഭീംറാവു അംബേദ്കര്‍ തുടങ്ങിയ ദളിത് നേതാക്കളെ കോണ്‍ഗ്രസ് അനാദരിച്ചിട്ടുണ്ടെന്ന് ദാസ് കുറ്റപ്പെടുത്തുകയും ചെയ്തു.
Content Highlights: Opposition Leader Mallikarjun Kharge alleged in the Rajya Sabha that he faced caste discrimination during a recent visit to Uttarakhand. Kharge claimed that the stage at Haldwani’s Ramlila Ground where he had spoken was later subjected to a purification ritual, questioning the need for such an action.