

കൊച്ചി: ജന്തർ മന്തറിൽ നീതിക്കും ഉത്തരവാദിത്തത്തിനും വേണ്ടി സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം അറിയിക്കാൻ ‘വൺ മോർ വോയ്സ്’ (One More Voice) എന്ന ഡിജിറ്റൽ സംരംഭവുമായി ഫെയർക്കോഡ്. എല്ലാവർക്കും ജന്തർ മന്തറിൽ നേരിട്ട് എത്തിച്ചേരാൻ കഴിയണമെന്നില്ല. എന്നാൽ സ്വന്തം ശബ്ദം ഉയർത്താൻ എല്ലാവർക്കും കഴിയുമെന്ന ആശയമാണ് ഈ സംരംഭത്തിന്റെ അടിസ്ഥാനം. വെബ്സൈറ്റിൽ ഓരോരുത്തരും ചേർക്കുന്ന ഒരു വാക്ക് രാജ്യത്തിന്റെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം ശബ്ദങ്ങളുമായി ചേർന്ന്, പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ ഒറ്റക്കല്ലെന്ന ശക്തമായ സന്ദേശമായി മാറുന്നതാണ് ‘വൺ മോർ വോയ്സ്’.
ഈ പ്ലാറ്റ്ഫോമിൽ ചേർക്കുന്ന ഓരോ വാക്കും നീതിയിലും സുതാര്യതയിലും പൊതു ഉത്തരവാദിത്തത്തിലും വിശ്വസിക്കുന്ന ഒരാളുടെ പിന്തുണയുടെ പ്രതീകമാണ്. ഇത്തരത്തിൽ ഒരുമിക്കുന്ന ശബ്ദങ്ങൾ, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ജന്തർ മന്തറിന്റെ അതിരുകൾക്കപ്പുറത്തേക്കും സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്കും എത്തിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ സംരംഭം ഒരുക്കിയിരിക്കുന്നത്. സമൂഹത്തിന് ആവശ്യമായ സമയങ്ങളിൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുപ്രയോജന പദ്ധതികളിൽ ഫെയർകോഡ് മുമ്പും പങ്കാളിയായിട്ടുണ്ട്. വയനാട് ഉരുൾപൊട്ടൽ ദുരന്തസമയത്ത് വിവിധ വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആവശ്യമായ സോഫ്റ്റ്‌വെയർ സംവിധാനം സൗജന്യമായി വികസിപ്പിച്ച് നടപ്പാക്കിയതും ഫെയർകോഡായിരുന്നു.
‘വൺ മോർ വോയ്സ്’ പൂർണമായും സമാധാനപരവും വാണിജ്യരഹിതവുമായ ഒരു ജനപങ്കാളിത്ത സംരംഭമാണെന്ന് ഫെയർകോഡ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിക്കാനും അവരുടെ ശബ്ദം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുമുള്ള ഒരു ഡിജിറ്റൽ വേദി മാത്രമാണ് ഈ പ്ലാറ്റ്ഫോം. പൊതുജനങ്ങൾക്ക് One More Voice സംരംഭത്തിൽ പങ്കുചേരാനും സ്വന്തം പിന്തുണ രേഖപ്പെടുത്താനും താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കാം: https://onemorevoice.in/
‘വൺ മോർ വോയ്സ്’ — ഫെയർക്കോഡിന്റെ ഐക്യദാർഢ്യ സംരംഭം.
Content Highlights: Faircode has announced its support for students through the 'One More Voice' campaign, urging people to raise their voices in solidarity at Jantar Mantar. The initiative highlights the growing demand for justice and student rights.