

പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹന്‍ (42) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞ ദിവസം കരിമ്പുഴയില്‍ ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചിരുന്നു. ജൂണ്‍ 13നാണ് പട്ടാമ്പി സ്വദേശിനിയായ 73കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.
കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു. ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് 543 പേരാണ് ഈ മാസം ചികിത്സ തേടിയത്. മണ്ണാര്‍ക്കാട് മേഖലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഈഡിസ് കൊതുകുകൾ പരത്തുന്ന ഒരു വൈറൽ രോഗമാണ് ഡെങ്കിപ്പനി. 'ബ്രേക്ക്ബോണ് ഫീവർ' എന്നും ഇത് അറിയപ്പെടുന്നു. ഡെങ്കിപ്പനി എല്ലാ പ്രായത്തിലുള്ള ആളുകളേയും ബാധിക്കാം. ഉയർന്ന പനിയും പനിയുടേതായ ലക്ഷണങ്ങളുമാണ് ഇതിനുള്ളത്. രോഗമുള്ള ഒരാളെ കടിക്കുമ്പോൾ വൈറസുകൾ കൊതുകിന്റെ ഉമിനീര് ഗ്രന്ധിയിൽ എത്തുകയും മറ്റൊരാളെ ഈ കൊതുക് കടിക്കുമ്പോൾ അത് അയാളുടെ രക്തത്തിൽ കലർന്ന് രോഗമുണ്ടാകുകയും ചെയ്യുന്നു.
കഠിനമായ തലവേദന, കണ്ണുകളുടെ പിന്നിൽ വേദന, സന്ധികളുടെയും പേശികളുടെയും വേദന, ക്ഷീണം, ചർമത്തിലെ ചുവന്ന പാടുകൾ,
വയറ് വേദന, ഛർദ്ദി, പെട്ടെന്നുള്ള ഉയർന്ന പനി ( 104°F അപ്പുറം) എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
Content Highlights: One more death due to dengue fever has been reported in kerala