

ന്യൂഡൽഹി: തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഇന്ത്യയിലെ യുവാക്കളെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ. സിജെപിയുടെ പ്രതിഷേധം നേപ്പാളിലോ ബംഗ്ലാദേശിലോ സംഭവിച്ചത് പോലെയായി മാറുമോ എന്ന ചോദ്യത്തോടായിരുന്നു അഭിജീത് ദീപ്കെയുടെ പ്രതികരണം. അത്തരം താരതമ്യങ്ങൾ നടത്തി ഇന്ത്യയിലെ യുവാക്കളെ (GenZ) അപമാനിക്കുകയോ കുറച്ചുകാണുകയോ ചെയ്യരുതെന്നും അഭിജീത് ദീപ്കെ പറഞ്ഞു. കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സിജെപി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ അഭിജീത് ദീപ്കെ വിമാനത്താവളത്തിൽ വെച്ചാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
പലരും കരുതുന്നതിനേക്കാൾ വളരെ കൂടുതൽ പക്വതയുള്ളവരും ബോധമുള്ളവരും രാഷ്ട്രീയ കാര്യങ്ങളിൽ അറിവുള്ളവരുമാണ് ഈ രാജ്യത്തെ യുവാക്കൾ എന്നും സിജെപി സ്ഥാപകൻ ചൂണ്ടിക്കാണിച്ചു. സമാധാനപരവും ജനാധിപത്യപരവുമായ മാർഗങ്ങളിലൂടെ അവർ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുമെന്നും അഭിജീത് ദീപ്കെ വ്യക്തിമാക്കി. ദയവായി അവരെ തരംതാഴ്ത്തി സംസാരിക്കരുത്. നിലവിൽ ഭരണം നടത്തുന്നവരേക്കാൾ വളരെ കൂടുതൽ വിദ്യാഭ്യാസമുള്ളവരും വിവരമുള്ളവരുമാണ് ഈ യുവാക്കളെന്നും അഭിജീത് ദീപ്കെ അഭിപ്രായപ്പെട്ടു.
അംബേദ്കറിൻ്റെ പുസ്തകം ഉയർത്തിപ്പിടിച്ചാണ് അഭിജീത് ദീപ്കെ വിമാനത്താവളത്തിന് പുറത്തേയ്ക്ക് വന്നത്. പ്രതിഷേധത്തിന് അനുമതി ലഭിച്ചതിനാൽ അഭിജീത് ദീപ്കെ പാർലമെൻ്റ് സ്‌ട്രീറ്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് പോകില്ലെന്നാണ് റിപ്പോർട്ട്. പ്രതിഷേധക്കാർ നേരെ ജന്തർ മന്തറിലേയ്ക്ക് എത്തണമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്. പാർലമെൻ്റ് സ്‌ട്രീറ്റ് പോലീസ് സ്റ്റേഷനിൽ രാവിലെ 9 മണിക്ക് എത്തിച്ചേരണമെന്നായിരുന്നു നേരത്തെ സിജെപി നേതൃത്വം അറിയിച്ചിരുന്നത്. രാവിലെ 7.37നാണ് ഇന്ത്യയിൽ എത്തിയ വിവരം അഭിജീത് ദീപ്കെ ഇന്ത്യയിൽ എത്തിയ വിവരം സാമൂഹ്യമാധ്യമ പോസ്റ്റ് വഴി അറിയിച്ചത്. വിമാനത്താവളത്തിൽ എത്തിയ അഭിജീത് ദീപ്കെയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്നും അഭിജീത് ദീപ്കെ പുറത്തിറങ്ങാൻ വൈകിയതോടെ ജന്തർ മന്തറിൽ നിശ്ചയിച്ചിരുന്ന സിജെപിയുടെ പ്രതിഷേധ പരിപാടി വൈകിയേക്കും. നിയമപരമായ നടപടിക്രമം പൂർത്തിയാക്കാനുള്ള താമസമാണ് വിമാനത്താവളത്തിൽ ഉണ്ടായതെന്നാണ് സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ പരസ്യ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖർ സിജെപിയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയും ഐസയും സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ സ്വീകാര്യത കിട്ടിയ കോക്രോച്ച് ജനതാ പാർട്ടി പരസ്യമായി തെരുവിലേയ്ക്ക് വരുമ്പോൾ എന്താണ് സംഭവിക്കുക എന്നതാണ് ആകാംക്ഷയോടെ രാജ്യം ഉറ്റുനോക്കുന്നത്.
പ്രതിഷേധത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനിടെ ഡൽഹി പൊലീസ് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ന്യൂഡൽഹി ജില്ലയെ 12 സോണുകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ സോണിനും ഡിസിപിമാർക്ക് പ്രത്യേക സുരക്ഷാ ചുമതല നൽകിയിട്ടുണ്ട്. ജന്തർമന്ദിറിൽ മാത്രം 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ വസതിക്കും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Abhijeet Deepke highlights how today’s youth possess far superior education and awareness compared to those currently in power. A powerful message on leadership, generational shift, and the potential of India’s young generation.