

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ട് ഡല്‍ഹിയില്‍ സിഎന്‍ജി വില വീണ്ടും കൂട്ടി. കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഊര്‍ജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് നടപടി. രണ്ടു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സിഎന്‍ജി വില കൂട്ടുന്നത്. പുതുക്കിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ ഒരുകിലോഗ്രാം സിഎന്‍ജിയുടെ വില 76.59 ആയി.
നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ കിലോഗ്രാമിന് 82.20 രൂപയായും വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും സിഎന്‍ജിക്ക് കിലോഗ്രാമിന് ഒരു രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം രണ്ട് രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിൽ പ്രകൃതിദത്ത വാതകത്തിന്റെ വിലയിലുണ്ടായ വർദ്ധനവും വിതരണത്തിലെ കുറവുമാണ് വില കൂട്ടാൻ കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.
ഇക്കഴിഞ്ഞ 15ന് രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടിയിരുന്നു. ലിറ്ററിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ആഗോളതലത്തില്‍ ഇന്ധന വില വര്‍ധിച്ചതോടെയാണ് രാജ്യത്തും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ നിലവില്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാണ് വില.
Content Highlights: CNG price hiked by Rs 1 per kg in Delhi