പണത്തിന്റെ കാര്യത്തിൽ നിങ്ങളുടെ ജീവിത പങ്കാളി 'സൂപ്പറാണോ' അതോ 'അപകടമാണോ'? ഈ 7 ശീലങ്ങൾ ശ്രദ്ധിക്കൂ

നിങ്ങളുടെ പങ്കാളി സാമ്പത്തികമായി 'ഗ്രീൻ ഫ്ലാഗ്' ആണോ അതോ 'റെഡ് ഫ്ലാഗ്' ആണോ എന്ന് തിരിച്ചറിയാം

പണത്തിന്റെ കാര്യത്തിൽ നിങ്ങളുടെ ജീവിത പങ്കാളി 'സൂപ്പറാണോ' അതോ 'അപകടമാണോ'? ഈ 7 ശീലങ്ങൾ ശ്രദ്ധിക്കൂ
അജ്മല്‍ എം കെ
4 min read|17 May 2026, 11:20 am
dot image

ദാമ്പത്യജീവിതത്തിലോ പ്രണയത്തിലോ ഏറ്റവും വലിയ വില്ലനാകാൻ സാധ്യതയുള്ള ഒന്നാണ് സാമ്പത്തിക കാര്യങ്ങളിലെ സുതാര്യതക്കുറവ്. അടുത്തിടെ നടന്ന ഒരു സർവേ പ്രകാരം 45% ദമ്പതികൾക്കും പങ്കാളിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണയില്ല. സാമ്പത്തിക കാര്യങ്ങൾ ഒളിച്ചുവെക്കുന്നത് പങ്കാളിയെ വഞ്ചിക്കുന്നതിന് തുല്യമായാണ് പലരും കാണുന്നത്. ഒരുമിച്ച് ഒരു ലോൺ എടുക്കുന്നതിനോ വീട് വാങ്ങുന്നതിനോ മുൻപ് പങ്കാളിയുടെ സാമ്പത്തിക ശീലങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

നിങ്ങളുടെ പങ്കാളി സാമ്പത്തികമായി 'ഗ്രീൻ ഫ്ലാഗ്' (നല്ല ശീലം) ആണോ അതോ 'റെഡ് ഫ്ലാഗ്' (അപകട സൂചന) ആണോ എന്ന് തിരിച്ചറിയാൻ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കാം

പഴയ കടങ്ങളെക്കുറിച്ചുള്ള സംസാരം

മുൻകാലങ്ങളിൽ ക്രെഡിറ്റ് കാർഡ് വഴിയോ വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ എടുത്ത കടങ്ങൾ പലർക്കും ഉണ്ടാകാം. എന്നാൽ അതിനെക്കുറിച്ച് പങ്കാളി എങ്ങനെ സംസാരിക്കുന്നു എന്നത് പ്രധാനമാണ്.

റെഡ് ഫ്ലാഗ്: കടങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ ദേഷ്യപ്പെടുക, കള്ളം പറയുക അല്ലെങ്കിൽ കണക്കുകൾ കുറച്ചു കാണിക്കുക. ഒരുമിച്ച് താമസം തുടങ്ങി മാസങ്ങൾക്ക് ശേഷം പങ്കാളിക്ക് വലിയൊരു കടബാധ്യതയുണ്ടെന്ന് തിരിച്ചറിയുന്നത് പരസ്പര വിശ്വാസം തകർക്കും.

ഗ്രീൻ ഫ്ലാഗ്: തന്റെ സാമ്പത്തിക ബാധ്യതകളും ക്രെഡിറ്റ് സ്കോറും പങ്കാളിയോട് തുറന്നുപറയുക. അതിനെ ഒളിച്ചുവെക്കേണ്ട ഒന്നായല്ല, മറിച്ച് ഒരുമിച്ച് പരിഹരിക്കേണ്ട ഒരു പ്രശ്നമായാണ് അവർ കാണുന്നത്.

അപ്രതീക്ഷിത ചെലവുകളോടുള്ള പ്രതികരണം

അസുഖങ്ങൾ, വണ്ടിയുടെ തകരാറുകൾ, പെട്ടെന്നുണ്ടാകുന്ന മറ്റ് അറ്റകുറ്റപ്പണികൾ എന്നിവ ജീവിതത്തിൽ സ്വാഭാവികമാണ്. ഇത്തരം സന്ദർഭങ്ങളിൽ പങ്കാളി എങ്ങനെ പെരുമാറുന്നു എന്നത് ശ്രദ്ധിക്കുക.

റെഡ് ഫ്ലാഗ്: പെട്ടെന്ന് പരിഭ്രാന്തരാവുകയും മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്താൻ ശ്രമിക്കുകയും ചെയ്യുക. പ്രതിസന്ധി ഘട്ടങ്ങളിൽ വൈകാരിക പക്വത കാണിക്കാത്തത് ഭാവി ജീവിതത്തെ ബാധിക്കും.

ഗ്രീൻ ഫ്ലാഗ്: പ്രശ്നത്തെ ഒരുമിച്ച് നേരിടുക. എമർജൻസി ഫണ്ടുകൾ പരിശോധിക്കാനും ബജറ്റിൽ മാറ്റങ്ങൾ വരുത്താനും ഇവർ ശാന്തമായി മുൻകൈ എടുക്കും.

ജോയിന്റ് അക്കൗണ്ടുകളുടെ കൈകാര്യം

ഒരുമിച്ചുള്ള സമ്പാദ്യം കൈകാര്യം ചെയ്യുന്നത് പങ്കാളിയോടുള്ള ബഹുമാനത്തിന്റെ അടയാളമാണ്.

റെഡ് ഫ്ലാഗ്: നിങ്ങളോട് ആലോചിക്കാതെ ജോയിന്റ് അക്കൗണ്ടിൽ നിന്ന് സ്വന്തം ആവശ്യങ്ങൾക്കായി പണം പിൻവലിക്കുകയോ, രഹസ്യമായി മറ്റ് അക്കൗണ്ടുകൾ സൂക്ഷിക്കുകയോ ചെയ്യുക.

ഗ്രീൻ ഫ്ലാഗ്: പണം പിൻവലിക്കുന്നതിനോ മാറ്റുന്നതിനോ മുൻപ് പങ്കാളിയോട് സംസാരിക്കുകയും സാമ്പത്തിക കാര്യങ്ങളിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കുകയും ചെയ്യുക.

ഭാവിയിലേക്കുള്ള ആസൂത്രണം

റിട്ടയർമെന്റ് കാലം ദൂരെയാണെങ്കിലും അതിനായുള്ള ഒരുക്കങ്ങൾ ഇപ്പോഴേ തുടങ്ങേണ്ടതുണ്ട്.

റെഡ് ഫ്ലാഗ്: ഭാവിയെക്കുറിച്ച് സംസാരിക്കാൻ വിമുഖത കാണിക്കുക. ഇന്നത്തെ സന്തോഷങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി ഭാവി സുരക്ഷിതമാക്കാനുള്ള ബാധ്യത പങ്കാളിയുടെ തലയിൽ മാത്രം കെട്ടിവെക്കുക.

ഗ്രീൻ ഫ്ലാഗ്: വീട് വാങ്ങുകയോ യാത്രകൾ ചെയ്യുകയോ പോലുള്ള ലക്ഷ്യങ്ങൾക്കായി ഒരുമിച്ച് പ്ലാൻ ചെയ്യുകയും അതിനായി ഇന്നത്തെ ചെലവുകളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകുകയും ചെയ്യുക.

വരുമാനത്തിലെ വ്യത്യാസങ്ങൾ

പങ്കാളികളിൽ ഒരാൾക്ക് മറ്റേയാളേക്കാൾ കൂടുതൽ വരുമാനം ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ഇത് ഈഗോയ്ക്ക് കാരണമാകരുത്.

റെഡ് ഫ്ലാഗ്: ഉയർന്ന വരുമാനമുള്ളയാൾ പണത്തെ നിക്ഷേപ അവസരമായി കാണതെ ചെലവുകൾ തൻ്റെ ഇഷ്ടപ്പടി മാത്രം തീരുമാനിക്കുകയും ചെയ്യുക.

ഗ്രീൻ ഫ്ലാഗ്: വരുമാനം എത്രയായാലും അത് കുടുംബത്തിന്റെ പൊതുസ്വത്തായി കാണുക. പണം കുറച്ചു സമ്പാദിക്കുന്നയാൾക്കും തീരുമാനങ്ങളിൽ തുല്യ പങ്കാളിത്തം നൽകുക.

ചെലവ്

എല്ലാ ചെറിയ ചെലവുകളിലും ഒരേ അഭിപ്രായം ഉണ്ടാകണമെന്നില്ല, എന്നാൽ കൃത്യമായ ഒരു അതിർവരമ്പ് ഉണ്ടായിരിക്കണം.

റെഡ് ഫ്ലാഗ്: ഒരു കാപ്പി കുടിക്കുന്നതിന് വരെ കണക്ക് ചോദിക്കുകയോ, അല്ലെങ്കിൽ നിങ്ങളോട് പറയാതെ കാർ പോലുള്ള വലിയ സാധനങ്ങൾ വാങ്ങി കടം കൂട്ടുകയോ ചെയ്യുക.

ഗ്രീൻ ഫ്ലാഗ്: ഒരു നിശ്ചിത തുകയ്ക്ക് മുകളിലുള്ള ചെലവുകൾക്ക് പരസ്പരം അനുവാദം ചോദിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യുക. അതിന് താഴെയുള്ള തുക സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം നൽകുക.

കുടുംബാംഗങ്ങൾക്ക് പണം കടം നൽകൽ

ബന്ധുക്കൾക്ക് പണം നൽകുന്ന കാര്യത്തിൽ വ്യക്തമായ അതിരുകൾ ഉണ്ടായിരിക്കണം.

റെഡ് ഫ്ലാഗ്: പങ്കാളിയോട് ആലോചിക്കാതെ സ്വന്തം കുടുംബത്തിന് പണം നൽകിക്കൊണ്ടിരിക്കുക. ഇത് നിങ്ങളുടെ സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിച്ചേക്കാം.

ഗ്രീൻ ഫ്ലാഗ്: പണം നൽകുന്നതിന് മുൻപ് പങ്കാളിയോട് സംസാരിക്കുകയും, അത് സ്വന്തം കുടുംബത്തിന്റെ ലക്ഷ്യങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

തർക്കങ്ങൾ സ്വാഭാവികം, എന്നാൽ…

പണത്തിന്റെ കാര്യത്തിൽ ദമ്പതികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പ്രശ്നം ഉണ്ടാകുമ്പോൾ വഴക്കിടുന്നതിന് പകരം, അത് മികച്ചൊരു ചർച്ചയ്ക്കുള്ള അവസരമാക്കുകയാണ് വേണ്ടത്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങൾ എപ്പോഴും ഭയപ്പെടുകയോ കാര്യങ്ങൾ ഒളിച്ചുവെക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, അത് ബന്ധത്തിന്റെ തകർച്ചയ്ക്കുള്ള സൂചനയാണ്. ഓർക്കുക, നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തെ ബഹുമാനിക്കുന്ന പങ്കാളി തന്നെയാണ് നിങ്ങളെയും ബഹുമാനിക്കുന്നത്.

Content Highlights: A partner’s money habits can reveal whether they are financially responsible or a source of risk. Key signs include spending discipline, saving behavior, debt management, honesty about finances, and long-term planning. Recognizing these habits can help couples build healthier financial relationships.

dot image
To advertise here,contact us
dot image