

ചെന്നൈ: തമിഴ്നാട് നിയമസഭ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ടിവികെയുടെ നിയുക്ത മന്ത്രി എസ് കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്നാണ് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാഞ്ഞത്. തമിഴ്നാട് ചീഫ് മിനിസ്റ്റർ ജോസഫ് വിജയ് ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലാണ് കീർത്തനയ്ക്ക് മടങ്ങേണ്ടി വന്നത്.
ശിവകാശി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ കീർത്തനയെ സത്യപ്രതിജ്ഞയ്ക്കായി നിയമസഭാ പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസൻ ക്ഷണിച്ചിരുന്നു. എന്നാൽ, ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ ഭാഗമായി ഹാജരാക്കേണ്ട 'തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ്' അവരുടെ പക്കൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് കീർത്തനയെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് നീക്കിയത്. സർട്ടിഫിക്കറ്റ് ഇല്ലാതെ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ലെന്ന് സെക്രട്ടറി വ്യക്തമാക്കുകയായിരുന്നു. എംഎൽഎമാർ സർട്ടിഫിക്കറ്റ് നിർബന്ധമായും കൊണ്ടുവരണമെന്ന് നേരത്തെ തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഇവർക്ക് പിന്നീട് സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മന്ത്രിസഭയിലെ ഒൻപതാമത്തെ റാങ്കുള്ള മന്ത്രിയായാണ് കീർത്തനയെ നിശ്ചയിച്ചിരുന്നത്. സർട്ടിഫിക്കറ്റ് മറന്നത് മൂലം ഏറ്റവും ഒടുവിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നതും വലിയ ചർച്ചയായിട്ടുണ്ട്. മ മെയ് 11-ന് നടന്ന ചടങ്ങിൽ മറ്റ് എംഎൽ.എമാരെല്ലാം വിജയകരമായി സത്യപ്രതിജ്ഞ പൂർത്തിയാക്കി.
കോൺഗ്രസിലെ അശോകൻ ജിയെ 11,670 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കീർത്തന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എസ് കീർത്തനയുടെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പായിരുന്നു ഇത്.
Content Highlights: TVK's Minister-designate S Keerthana could not take oath at the swearing-in ceremony of Tamil Nadu Assembly MLAs