

സൗദി അറേബ്യയില്‍ കൂടുതല്‍ ജീവനക്കാരുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കായുള്ള കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. ശിശു ക്ഷേമ വികസനത്തിനും ജീവനക്കാരുടെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ പദ്ധതി.
ശിശു പരിപാലനത്തിനും തൊഴില്‍ മേഖലയിലെ വനിതാ പങ്കാളിത്തത്തിനും കൂടുതല്‍ പിന്തുണ നല്‍കുന്ന നിര്‍ണായക തീരുമാനങ്ങളാണ് മന്ത്രിസഭ കൈക്കൊണ്ടിരിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റില്‍ മന്ത്രിസഭാ തീരുമാനം പ്രസിദ്ധീകരിച്ചു. കൂടുതല്‍ ജീവനക്കാരുള്ള സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ഓഫിസുകളില്‍ കുട്ടികള്‍ക്കായുള്ള നഴ്‌സറികള്‍ ആരംഭിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഒക്ക്യുപേഷണല്‍ തെറാപ്പി, പെരുമാറ്റ പരിഷ്‌കരണം, സ്പീച്ച് ആന്‍ഡ് ഹിയറിംഗ് തെറാപ്പി തുടങ്ങിയ പ്രത്യേക പഠന പദ്ധതിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാനവ വിഭവശേഷി മന്ത്രാലയവും സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട മറ്റ് ഏജന്‍സികളും തമ്മില്‍ ഏകോപനം നടത്തി പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. തൊഴിലിടങ്ങളില്‍ കിന്‍ഡര്‍ഗാര്‍ട്ടനുകള്‍ ആരംഭിക്കാനുളള തടസ്സങ്ങള്‍ പരിഹരിക്കാനും ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും നടപടിക്രമങ്ങളും ലളിതമാക്കാനും മന്ത്രിസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജീവനക്കാര്‍ക്ക് കുട്ടികളെ തങ്ങളുടെ ജോലിയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കിന്റര്‍ഗാര്‍ട്ടനുകളില്‍ ചേര്‍ക്കാന്‍ പ്രോത്സാഹനം നല്‍കുന്ന നടപടികള്‍ സ്വീകരിക്കണം. ഇതിനായി ജോലി സമയത്തോട് പൊരുത്തപ്പെടുന്ന രീതിയില്‍ നഴ്‌സറികളുടെ പ്രവര്‍ത്തന സമയം ക്രമീകരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. പുതിയ കിന്‍ഡര്‍ഗാര്‍ട്ടനുകള്‍ ആരംഭിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥല സൗകര്യങ്ങളും ഉറപ്പാക്കണമെന്നും ഈ പദ്ധതിയിലൂടെ ക്കൈവരിക്കുന്ന കുടുംബ-സാമൂഹിക ഗുണഫലങ്ങളെക്കുറിച്ച് ജീവനക്കാരില്‍ ബോധവത്ക്കരണം ശക്തമാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി സഭ നിര്‍ദ്ദേശം നല്‍കി.
Content Highlights: In a major move to prioritize child care and support working parents, Saudi Arabia plans to introduce kindergartens in both government and private sector institutions across the country.