

മീററ്റ്: ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനിലെത്തിയ ഭാര്യമാര്‍ തമ്മില്‍ തമ്മിലടിക്കുകയും ഇരുവരും ജയിലിലാകുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മീററ്റിലെ സിവില്‍ ലൈസന്‍സ് കോടതി പരിസരത്താണ് സംഭവം നടന്നത്. അയല്‍ക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അറസ്റ്റിലായ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയതായിരുന്നു ഭാര്യമാര്‍. എന്നാല്‍ ഇവര്‍ കോടതി പരിസരത്തുവെച്ച് തമ്മിലടിക്കുകയായിരുന്നു.
ഡല്‍ഹി ഗേറ്റ് മേഖലയിലെ പൂര്‍വ മഹാവീര്‍ സ്വദേശിയായ ഫുര്‍കാന്റെ ഒന്നാം ഭാര്യ ഷബാനയും രണ്ടാം ഭാര്യ ഷഹീനയുമാണ് തമ്മിലടിച്ചത്. അയല്‍വാസിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് ഫുര്‍കാനെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഫുര്‍കാനെ ജാമ്യത്തിലിറക്കാന്‍ മീററ്റിലെ സിവില്‍ ലൈന്‍സ് കോടതി പരിസരത്ത് എത്തിയതായിരുന്നു ഷബാനയും ഷഹീനയും. ഇതിനിടെ നിസാര കാര്യത്തെ ചൊല്ലി ഷബാനയുടെയും ഷഹീനയുടെയും കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
കോടതി പരിസരം എന്ന കാര്യം പോലും മറന്ന് ഷബാനയുടെയും ഷഹീനയുടെയും കുടുംബങ്ങള്‍ രണ്ട് ചേരിയായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടി. ഷബാനയും ഷഹീനയും ഇതിനൊപ്പം ചേര്‍ന്നു. ഇതിനിടെ ഇരുകൂട്ടരും പരസ്പരം അസഭ്യം പറയുകയും ചെയ്തു. സംഘര്‍ഷം അതിരുവിട്ടതോടെ പൊലീസ് വിഷയത്തില്‍ ഇടപെടുയും ഷബാനയെയും ഷഹീനയെയും അവരുടെ ബന്ധുക്കളെയും കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ ഷബാനയെയും ഷഹീനയെയും ബന്ധുക്കളെയും റിമാന്‍ഡ് ചെയ്തു. ഈ സമയം ഫുര്‍കാന്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. കോടതി പരിസരത്ത് ഭാര്യമാരും ബന്ധുക്കളും തമ്മിലുള്ള സംഘര്‍ഷം അപ്പോഴാണ് ഫുര്‍കാന്‍ അറിയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Contet Highlights-Two women reportedly fought at a court premises while trying to secure bail for the same husband.