

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലില്‍ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് ഒരിക്കലും വനിത സംവരണത്തെ എതിര്‍ത്തിട്ടില്ലെന്നും പിന്തുണച്ചിട്ടേയുള്ളുവെന്നും മമത പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയത്തെയാണ് തൃണമൂല്‍ എതിര്‍ക്കുന്നത്. ഏറ്റവും അധികം വനിത പ്രാതിനിധ്യമുള്ള പാര്‍ട്ടി ടിഎംസിയാണ്. തൃണമൂലില്‍ തെരഞ്ഞെടുക്കപ്പെട്ട 37.9ശതമാനം ജനപ്രതിനിധികളും വനിതകളാണെന്നും മമത ചൂണ്ടിക്കാട്ടി.
അതേസമയം ധൈര്യമുണ്ടെങ്കില്‍ ബിജെപി ഇപ്പോള്‍ വനിതാ സംവരണം നടപ്പിലാക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക്ക ലാംബ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. വനിതാ സംവരണമെന്ന് പറഞ്ഞ് വനിതകളോടുള്ള അപമാനമാണ് ബിജെപി കാണിക്കുന്നത്. പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ വിഡ്ഢിയാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും യഥാര്‍ത്ഥ വനിതാ വിരോധികള്‍ ബിജെപിയാണെന്നും അല്‍ക്കാ ലാംബ തുറന്നടിച്ചു.
മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ നെഞ്ചത്ത് കയറുകയാണ് പ്രധാനമന്ത്രിയെന്ന് ജെബി മേത്തര്‍ പറഞ്ഞു. വനിതാ സംവരണം നടപ്പിലാക്കുകയല്ല കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. 543 സീറ്റില്‍ കൃത്യമായി നടപ്പിലാക്കാമല്ലോയെന്നും പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങള്‍ അട്ടിമറിക്കാന്‍ നോക്കുമെന്നും അവര്‍ പറഞ്ഞു.
Content Highlights: Mamata Banerjee and Mahila Congress leaders have strongly criticised Prime Minister Narendra Modi over the Women’s Reservation Bill