

കല്‍പ്പറ്റ: വീടിന്റെ വിള്ളല്‍ പരിശോധിക്കാനായി മന്ത്രി കെ രാജന്‍ എത്തുമ്പോള്‍ തന്നെ കൂടി വിളിക്കാമായിരുന്നുവെന്ന് വീട്ടുടമ നൗഫല്‍. മന്ത്രിയുടെ തൊട്ടടുത്ത് താന്‍ ഉണ്ടായിട്ടും സംസാരിക്കാന്‍ പോലും തയ്യാറായില്ലെന്നും വിള്ളല്‍ കണ്ടെത്തിയ സ്ഥലത്ത് മാര്‍ക്കര്‍കൊണ്ട് വരച്ച വരയാണ് മന്ത്രി മായ്ച്ചുകളഞ്ഞതെന്നും നൗഫല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അതില്‍ വലിയ വിഷമമുണ്ട്. കുറച്ച് ലീക്ക് ഉണ്ടെന്നും പരിഹരിച്ചു തരാം എന്നും മന്ത്രിക്ക് പറയാമായിരുന്നുവെന്നും നൗഫല്‍ പറഞ്ഞു.
'മന്ത്രിയുടെ തൊട്ടടുത്ത് ഞാനുണ്ട്. വീടിന്റെ ഉടമസ്ഥന്‍ എവിടെയെന്ന് മന്ത്രിക്ക് അപ്പോള്‍ ചോദിക്കാമായിരുന്നു. വര്‍ത്താനം പറയാന്‍ മൂപ്പര്‍ക്ക് ഒരു സമ്മതം ഇല്ലാത്തപോലെയാണ് തോന്നിയത്. ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നിറയെ ആളുകളായതിനാല്‍ കടത്തിവിടുന്നുണ്ടായിരുന്നില്ല. ജനലിന്റെ സൈഡില്‍ ഞാനുണ്ടായിരുന്നു. എന്റെ വീടിന്റെ കാര്യമായതുകൊണ്ട് ഞാന്‍ പറഞ്ഞുവെന്നേയുള്ളൂ', നൗഫല്‍ പറഞ്ഞു.
വലിയ സൈബര്‍ ആക്രമണമാണ് താന്‍ നേരിടുന്നതെന്നും സത്യം തെളിയിക്കപ്പെടുമെന്ന വിശ്വാസം തനിക്കുണ്ടെന്നും നൗഫല്‍ പറഞ്ഞു. 16പേരെ നഷ്ടപ്പെട്ട കുടുംബത്തിലെ ദുരന്തബാധിതനാണ്. സൈബര്‍ ആക്രമണം നടത്തുന്നവര്‍ അതുകൂടി ചിന്തിക്കേണ്ടതുണ്ടെന്നും നൗഫല്‍ പറഞ്ഞു. 'ഞാന്‍ ഇതുവരെ ഒരു രാഷ്ട്രീയത്തിലും ഇല്ലാത്തയാളായിരുന്നു. മന്ത്രി ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ രാഷ്ട്രീയക്കാരെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു. വന്നുനോക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഭീഷണി ഫോണിലൂടെ ഉണ്ട്. അത് കുറച്ചുകഴിഞ്ഞാല്‍ വെളിപ്പെടുത്തും. ഇതിന് മുമ്പും ഭീഷണിപ്പെടുത്തിയിരുന്നു. നമുക്ക് നോക്കാം. നിന്നെ നോട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു വര്‍ത്തമാനം, പുറത്തുപറയുമെന്ന് പറഞ്ഞോടെ നിന്നും. ഭയമൊന്നും ഇല്ല. രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ കൂടിയാണ്. ഞാന്‍ ദുരിതബാധിതനാണ്. അതുകൂടി അവര്‍ ചിന്തിക്കേണ്ടതുണ്ട്. 16പേരെ നഷ്ടപ്പെട്ട കുടുംബത്തിലെ അംഗമാണ് ഞാന്‍. ദുബൈലായിരുന്നു. വാടകയ്ക്ക് ഓട്ടോ ഓടുകയാണ് ഇപ്പോള്‍. എന്റേത് പുതിയ വീടായിരുന്നു. അതില്‍ ഒരുദിവസം പോലും ഞാന്‍ കിടന്നുറങ്ങിയിട്ടില്ല. ഒരുപാട് സംഘടനകള്‍ വീട് വാഗ്ദാനം ചെയ്തിരുന്നു. സര്‍ക്കാര്‍ വീട് തരുമല്ലോ. നല്ല വീടായിരിക്കുമല്ലോയെന്ന് കരുതിയാണ് ടൗണ്‍ഷിപ്പില്‍ വീട് മതിയെന്ന് പറഞ്ഞത്. ആ വീട് ഈ അവസ്ഥയിലായപ്പോഴുള്ള വിഷമം', എന്നും നൗഫല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Facing severe cyber attack alleges Mundakkai victim Naufal