'അവരുടെ ഓവർ പബ്ലിസിറ്റി ഞങ്ങൾക്ക് ഗുണമായി, കൃത്യമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും': കെ സി വേണുഗോപാൽ

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നിരവധിപേര്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് പെട്ടി പൊട്ടിക്കുമ്പോള്‍ മനസിലാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു

'അവരുടെ ഓവർ പബ്ലിസിറ്റി ഞങ്ങൾക്ക് ഗുണമായി, കൃത്യമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും': കെ സി വേണുഗോപാൽ
dot image

കൊച്ചി: കൃത്യമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നൂറ് സീറ്റ് കിട്ടുമെന്നും വലിയ ആത്മവിശ്വാസമുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. എല്ലാ വിഭാഗത്തിന്റെയും വോട്ട് ഏകീകരിച്ചിട്ടുണ്ടെന്നും എല്ലാ സാഹചര്യങ്ങളും യുഡിഎഫിന് അനുകൂലമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപി എ കാറ്റഗറി സീറ്റ് എന്ന് പറയുന്നത് മണി ഡിസ്ട്രിബ്യൂഷന്‍ സീറ്റ് എന്ന അര്‍ത്ഥത്തിലാണെന്നും അവരുടെ അവിശുദ്ധ കൂട്ടുകെട്ടിനെയും പണാധിപത്യത്തെയും അതിജീവിക്കുന്ന, കേരളത്തിലെ ജനങ്ങളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും ഉണ്ടാവുകയെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ബിജെപി പുതിയ വാചകവുമായി വന്നിട്ടുണ്ട്. എ കാറ്റഗറി സീറ്റ്. എ കാറ്റഗറി സീറ്റ് എന്നാല്‍ മണി ഡിസ്ട്രിബ്യൂഷന്‍ സീറ്റാണ്. വോട്ടര്‍മാര്‍ക്ക് നേരിട്ട് പണം വിതരണം ചെയ്യുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ. കിറ്റ് എത്രയിടത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു? പുറത്തുവരാത്ത എത്ര സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഒരുഭാഗത്ത് അവിശുദ്ധ കൂട്ടുകെട്ട്, മറുഭാഗത്ത് പണം. ഇത് രണ്ടിനെയും അതിജീവിക്കുന്ന, കേരളത്തിലെ ജനങ്ങളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന ഫലമായിരിക്കും ഉണ്ടാവുക. ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ പഴയകാല ഇലക്ഷന്‍ സങ്കല്‍പ്പത്തിലൂടെയല്ല നേരിട്ടത്. പ്രൊഫഷണല്‍ ടച്ചോടെയാണ് നേരിട്ടത്. കൃത്യമായ അജണ്ടയുണ്ടായിരുന്നു. ഒരു ഘട്ടത്തിലും ആ അജണ്ടയില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. ഉറച്ചുനിന്നു. അവരുടെ ഓവര്‍ പബ്ലിസിറ്റി ഞങ്ങള്‍ക്ക് ഗുണമായി. പിണറായി വിജയന്റെ ഫ്‌ളക്‌സുകളും ഹോര്‍ഡിംങ്ങുകളും തട്ടി നടക്കാന്‍ വയ്യായിരുന്നല്ലോ'-കെ സി വേണുഗോപാല്‍ പറഞ്ഞു.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന തരത്തിലെ വാര്‍ത്തകളെക്കുറിച്ചുളള ചോദ്യത്തിന്, ഞങ്ങളെ പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പിണറായി വിജയന്‍ മാറിനില്‍ക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്റെ സ്ഥിതി എന്തായിരിക്കും? ഇത് അങ്ങനുളള പാര്‍ട്ടിയല്ല. ഞങ്ങള്‍ കൂട്ടായി ഇരുന്ന് തീരുമാനിക്കും. ജനങ്ങളോടാണ് ഞങ്ങള്‍ക്ക് കടപ്പാട് എന്നായിരുന്നു കെ സി വേണുഗോപാലിന്റെ മറുപടി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നിരവധിപേര്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് പെട്ടി പൊട്ടിക്കുമ്പോള്‍ മനസിലാകുമെന്നും പാര്‍ട്ടിക്കകത്ത് ചോദ്യംചെയ്യപ്പെടലുകള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് സഖാക്കള്‍. അത് നടക്കുന്നില്ലെന്ന് വരുമ്പോള്‍ അവര്‍ക്ക് പ്രതികരിക്കാനുളള ഏക അവസരമാണ് തെരഞ്ഞെടുപ്പ്. അവരത് വിനിയോഗിച്ചുവെന്നാണ് വിചാരിക്കുന്നത് എന്നും കെ സി പറഞ്ഞു. പോളിംഗ് ശതമാനം നോക്കുമ്പോള്‍ 100 സീറ്റ് കംഫര്‍ട്ടബിളായി ജയിക്കുമെന്നും പ്രതീക്ഷിക്കാത്ത സീറ്റുകളില്‍ വരെ വിജയിക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: 'Their over-publicity has benefited us, UDF will come to power with a clear majority': KC Venugopal

dot image
To advertise here,contact us
dot image